മരട് ഫ്ലാറ്റ്: പരിസരവാസികൾ ഇന്നുമുതൽ നിരാഹാര സത്യാഗ്രഹത്തിലേക്ക്, പ്രക്ഷോഭം ശക്തമാക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 09:05 AM  |  

Last Updated: 01st January 2020 09:10 AM  |   A+A-   |  

MARADU

 

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സത്യാഗ്രഹം ഇന്ന് മുതൽ ആരംഭിക്കും. ഫ്ലാറ്റുകൾ പൊളിക്കാൻ നിയന്ത്രിത സ്‌ഫോടനം നടത്തുമ്പോൾ വീടിനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം. ആൽഫാ സെരിൻ ഫ്ലാറ്റിനു മുന്നിലാണ്‌ സമരം. ഇന്ന് രാവിലെ 8.30ന്‌ നെട്ടൂർ മേൽപ്പാലം ജങ്ഷനിൽ പ്രകടനമായി എത്തി സത്യഗ്രഹം ആരംഭിക്കും. 

ഒഴിപ്പിക്കൽ നടപടി വിശദീകരിക്കാൻ കലക്‌ടർ വിളിച്ച യോഗത്തിൽ നിന്ന് വിട്ട്നിൽക്കാനും ഇവർ തീരുമാനിച്ചു. ജനവാസം കൂടിയ പ്രദേശത്തുള്ള ആൽഫ സെറിൻ ഫ്ലാറ്റിനു പകരം ജനവാസം കുറഞ്ഞ പ്രദേശത്തുള്ള ജെയൻ കോറൽ കോവ് ഫ്ലാറ്റില്‍ ആദ്യം സ്ഫോടനം നടത്തണമെന്നും ഇവർ പറയുന്നു.

ഡിസംബർ25 മുതൽ നടത്താനിരുന്ന പട്ടിണി സമരം മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടാവുമെന്ന് കരുതി വേണ്ടെന്നുവച്ചിരുന്നു. എന്നാൽ പ്രദേശവാസികൾ നിവേദനം കൊടുത്തിട്ടും പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ല.  വരും ദിവസങ്ങളിൽ റോഡ് ഉപരോധം അടക്കം പ്രക്ഷോഭം ശക്തമാക്കും എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.