മൂന്നുപേരെ കൂടി കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു; റോയി മരിച്ചത് കുട്ടികള്‍ അറിഞ്ഞത് വീട്ടില്‍ പന്തലിട്ടശേഷം മാത്രം, ദുരൂഹതകള്‍ വെളിപ്പെടുത്തി എസ്പി സൈമണ്‍

കൂടത്തായി കൊലപാതക കേസിലെ പ്രതിയായ ജോളി മൂന്നു പേരെ കൂടി സമാനമായ രീതിയില്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി എസ്പി കെ ജി സൈമണ്‍
മൂന്നുപേരെ കൂടി കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു; റോയി മരിച്ചത് കുട്ടികള്‍ അറിഞ്ഞത് വീട്ടില്‍ പന്തലിട്ടശേഷം മാത്രം, ദുരൂഹതകള്‍ വെളിപ്പെടുത്തി എസ്പി സൈമണ്‍

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതിയായ ജോളി മൂന്നു പേരെ കൂടി സമാനമായ രീതിയില്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി എസ്പി കെ ജി സൈമണ്‍. എന്നാല്‍ അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ല. ജോളിയുടെ ഓരോ പെരുമാറ്റവും നാളുകളോളം വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണ സംഘത്തിന്റെ തലവന്‍ കൂടിയായ എസ് പി കെ ജി സൈമണ്‍ വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

റോയി തോമസ് വധക്കേസില്‍ മുഖ്യപ്രതി ഭാര്യ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 322 രേഖകളാണ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്.  റോയി വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് അനിവാര്യമല്ലെന്നും സൈമണ്‍ പറഞ്ഞു.

റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലക്കിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഭക്ഷണം കഴിച്ചില്ലെങ്കിലും വീട്ടില്‍ നിന്ന് വെള്ളം കുടിക്കുന്ന ശീലം റോയിക്കുണ്ട്. സംഭവം നടന്ന രാത്രി കുട്ടികളെ വീടിന്റെ മുകളിലെ മുറിയില്‍ ഉറക്കി കിടത്തിയ ശേഷമാണ് ജോളി താഴേക്ക് ഇറങ്ങിവന്ന് വിഷം കലക്കിയത്. റോയി മരിച്ച കാര്യം പിറ്റേന്ന് വീട്ടില്‍ പന്തലിട്ടപ്പോഴാണ് കുട്ടികള്‍ അറിഞ്ഞത്. ഹാര്‍ട്ട് അറ്റാക്കാണ് മരണകാരണമെന്നാണ് ജോളി മക്കളോട് പറഞ്ഞത്.  ഹാര്‍ട്ട് അറ്റാക്കാണെന്ന കാര്യം അവര്‍ തന്നെയാണ് എല്ലാവരേയും വിളിച്ചുപറഞ്ഞത്. താന്‍ മുട്ട പൊരിക്കുന്നതിനിടെയാണ് റോയി കുഴഞ്ഞുവീണു മരിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിച്ചശേഷം പാത്രങ്ങളെല്ലാം കഴുകിവച്ചനിലയിലായിരുന്നു. റോയിയെ ഒഴിവാക്കുന്നതിനും സ്വത്ത് തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നു കൊലപാതകങ്ങള്‍ എന്നും പൊലീസ് വ്യക്തമാക്കി.

ജോളിക്ക് പുറമേ, ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജുവലറി ജീവനക്കാരന്‍ കക്കാട് കക്കവയല്‍ മഞ്ചാടിയില്‍ എം എസ് മാത്യു (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സിപിഎം മുന്‍ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ നാലുവരെ പ്രതികള്‍.

കേസില്‍ വ്യാജ ഒസ്യത്ത് നിര്‍ണായക തെളിവാണെന്ന് സൈമണ്‍ പറഞ്ഞു. ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രാസപരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും കൂടാതെ ഗവണ്‍മെന്റിനെ വഞ്ചിക്കല്‍, അനധികൃതമായി വിഷം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. യുജിസി നെറ്റ്, എംകോം, ബികോം എന്നിവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ജോളി തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇവയുടെ പകര്‍പ്പുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് തോമസ് കൊലപാതകത്തില്‍ പങ്കില്ലെന്നും കെജി സൈമണ്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് റോയ് തോമസ് വധക്കേസില്‍ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. റോയ് തോമസ് സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായിരുന്നു. ആറു ദുര്‍മരണങ്ങളില്‍ റോയ് തോമസിന്റെ കേസില്‍ മാത്രമാണ് മൃതദേഹപരിശോധന നടന്നത്. കോഴിക്കോട് റൂറല്‍ എസ് പി  കെ ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com