കിടപ്പുരോഗികളുടെ ക്ഷേമ പെന്‍ഷനില്‍ നിന്ന് പണപ്പിരിവ് നടത്തിയ സംഭവം; പഞ്ചായത്തംഗത്തെ സിപിഐ സസ്‌പെന്റ് ചെയ്തു, അന്വേഷിക്കാന്‍ സമിതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2020 09:26 PM |
Last Updated: 02nd January 2020 09:33 PM | A+A A- |

കൊല്ലം: അഞ്ചലില്‍ കിടപ്പു രോഗികളുടെ പെന്‍ഷനില്‍ നിന്ന് പാര്‍ട്ടി പിരിവ് നടത്തിയ പഞ്ചായത്ത് അംഗത്തെ സിപിഐ സസ്‌പെന്റ് ചെയ്തു. വാര്‍ഡ് അംഗമായ വി വൈ വര്‍ഗീസിനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ സമിതിയെ നിയമിച്ചു. സിപിഐ അഞ്ചല്‍ മണ്ഡലം കമ്മിറ്റി അംഗമാണ് വര്‍ഗീസ്.
25 ഓളം കിടപ്പുരോഗികളില്‍ നിന്ന്് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്നാണ് പരാതി ഉയര്‍ന്നത്. തുച്ഛമായ ക്ഷേമപെന്‍ഷനില്‍ നിന്ന് 100 രൂപ വീതമാണ് പിരിച്ചത്. വനംമന്ത്രി കെ രാജുവിന്റെ മണ്ഡലത്തിലാണ് സംഭവം.
അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തന ണ്ടിലേക്ക് എന്നുപറഞ്ഞാണ് 100 രൂപ പിടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതം വന്ന് ഏഴുവര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനി വനജയുടെ പെന്‍ഷന്‍ തുകയില്‍ നിന്നും 100 രൂപ പിരിച്ചതായി സഹോദരി പറഞ്ഞു. സിപിഐ പ്രവര്‍ത്തനഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കി.
കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തതിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.