നഗ്നവിഡിയോ പ്രചരിക്കുന്നെന്ന് പറഞ്ഞ് വിളിക്കും, അർദ്ധനഗ്ന ഫോട്ടോ വാട്സാപ്പ് ഡി.പി.യാക്കാൻ ആവശ്യപ്പെടും; സൈബർസെൽ ഉദ്യോഗസ്ഥനെന്ന പേരിൽ ഭീഷണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2020 07:37 AM |
Last Updated: 02nd January 2020 07:37 AM | A+A A- |

കൊച്ചി: സൈബർസെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിച്ച് പെൺകുട്ടികളെയും മാതാപിതാക്കളെയും കെണിയിൽ വീഴ്ത്തി വ്യാജന്മാർ. പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞാണ് ഫോൺവിളികളെത്തുന്നത്. വിഷയത്തിൽ ഒരു മാസത്തിനിടെ കൊച്ചി സിറ്റി സൈബർസെല്ലിൽ രണ്ട് പരാതികളെത്തി.
പെൺകുട്ടിയുടെ നഗ്നവീഡിയോ ഇന്റർനെറ്റിൽ വ്യാപിക്കുന്നെന്ന് പറഞ്ഞാണ് ഇവർ വിളിക്കുന്നത്. വിഡിയോ ഒത്തുനോക്കാനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പിൽ ഉദ്യോഗസ്ഥനുമാത്രം കാണുന്ന രീതിയിൽ ഡി.പി.യായി (ഡിസ്പ്ലെ പിക്ചർ) ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്ക്രീൻ ഷോട്ടെടുത്ത് സൂക്ഷിച്ചശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഭാഗം. സ്ക്രീൻഷോട്ട് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുന്നതാണ് വ്യാജന്മാരുടെ തന്ത്രം. നാണക്കേട് ഭയന്ന് ആളുകൾ പുറത്തുപറയാതിരിക്കുന്നത് തട്ടിപ്പുകാർക്ക് വളമാകുന്നുണ്ട്.
കൊച്ചിയിലെ പൊലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിന് നേരെ തട്ടിപ്പിന് ശ്രമമുണ്ടായപ്പോഴാണ് വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഇത്തരം കോളുകൾ വന്നാൽ കൃത്യമായി അന്വേഷിച്ച് ശരിയാണോ എന്നുറപ്പുവരുത്തിയശേഷം മാത്രമേ പ്രതികരിക്കാവൂ എന്നും സ്വകാര്യവിവരങ്ങളോ ഫോട്ടോകളോ ഒരു കാരണവശാലും ആർക്കും കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.