ലൈനില്‍ തകരാര്‍ കണ്ടാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് ഇനി ആശങ്കപ്പെടേണ്ട!; മിനിറ്റുകള്‍ക്കുളളില്‍ പരിഹാരം, കെഎസ്ഇബി ഉപകരണം വികസിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 07:20 AM  |  

Last Updated: 02nd January 2020 07:20 AM  |   A+A-   |  

 

തിരുവനന്തപുരം:വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തിയാല്‍, എപ്പോള്‍ വൈദ്യുതി വരുമെന്ന് ഓര്‍ത്ത് ഇനി ആശങ്കപ്പെടേണ്ട!. വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കുന്നതിനുളള ഉപകരണം കെഎസ്ഇബി വികസിപ്പിച്ചെടുത്തു. വൈദ്യുതി ലൈനിലെ തകരാര്‍ കണ്ടെത്തി, ഉടന്‍ തന്നെ എവിടെയാണ് തകരാര്‍ എന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഓഫീസുകളിലെ കംപ്യൂട്ടറിലും സന്ദേശം നല്‍കുന്ന ഉപകരണമാണ് കെഎസ്ഇബി വികസിപ്പിച്ചത്.പാലക്കാട് സര്‍ക്കിളാണ് കമ്യൂണിക്കേറ്റീവ് ഫോള്‍ട്ട് പാസ് ഡിറ്റക്ടര്‍ (സിഎഫ്പിഡി) എന്ന ഉപകരണം രൂപകല്‍പന ചെയ്തത്.

തകരാര്‍ കണ്ടെത്താന്‍ മുന്‍പ് ഒരു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുത്തിരുന്നെങ്കില്‍, മിനിറ്റുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ പുതിയ ഉപകരണം വഴി സാധിക്കും. 11 കെവി ലൈനുകളിലാണ് ഇതു ഘടിപ്പിക്കുക. ലൈനില്‍ തകരാറുണ്ടായാല്‍, ഉപകരണവുമായി ബന്ധിപ്പിച്ചിട്ടുള്ള അതത് ഓഫിസ് പരിധിയിലെ എട്ടു ഉദ്യോഗസ്ഥരുടെ സ്മാര്‍ട്‌ഫോണുകളില്‍ സന്ദേശമെത്തും.

ഇതേ ഉപകരണങ്ങള്‍ സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ഒരു ലക്ഷത്തിനു മുകളിലാണ് വില. എന്നാല്‍, പാലക്കാട് യൂണിറ്റ് 13,000 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. 2500 എണ്ണം ഇതുവരെ നിര്‍മിച്ചു. പാലക്കാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ പി വി കൃഷ്ണദാസ്, പ്രസാദ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചിക്കോട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വി ശ്രീറാം, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍ വി രഞ്ജിത്ത്, എ സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് മൂന്നു വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഉപകരണം വികസിപ്പിച്ചത്.