അടുത്ത സര്‍ക്കാര്‍ വന്നാലും ലോക കേരളസഭയുണ്ടാകും; പ്രവാസികള്‍ക്കായി ഒന്നിച്ചു നില്‍ക്കണമെന്ന് യൂസഫലി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 02nd January 2020 10:13 PM  |  

Last Updated: 02nd January 2020 10:13 PM  |   A+A-   |  

 

തിരുവനന്തപുരം: അടുത്ത സര്‍ക്കാര്‍ വന്നാലും ലോക കേരളസഭ ഉണ്ടാകുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. പ്രവാസികളുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍  ഒരുമിച്ച് നില്‍ക്കണം. പ്രതിപക്ഷ ബഹിഷ്‌കരണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും യൂസഫലി തിരുവനന്തപുരത്ത് പറഞ്ഞു.  

ലോക കേരളസഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ലോക കേരളസഭ എന്നത് ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവിടെയെത്തിയ രണ്ടു പ്രവാസികള്‍ക്ക് ഭരണകക്ഷിക്കാരുടെയും അധികൃതരുടെയും പീഡനം കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നു. ഈ രണ്ടു പ്രവാസികള്‍ക്കും മരണശേഷം പോലും നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ കാപട്യത്തിന് കുടപിടിക്കാന്‍ കഴിയാത്തതിനാലാണ് ലോക കേരളസഭ എന്ന പ്രഹസനത്തില്‍ നിന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തിനെതിരായി ലോക കേരളസഭയ്ക്ക് അഭിനന്ദങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദേശം ആയുധമാക്കി മുഖ്യമന്ത്രി രംഗത്തെത്തി. രാഹുല്‍ ഗാന്ധി ലോകകേരള സഭയ്ക്ക് ആശംസനേര്‍ന്ന് അയച്ച സന്ദേശം ട്വിറ്ററില്‍ പങ്കുവച്ച മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. എന്നാല്‍ സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കും മുമ്പാണ് രാഹുല്‍ സന്ദേശം അയച്ചതെന്നും അതിനെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്നത് ശരിയല്ലെന്നും കെപിസിസി നേതൃത്വം പ്രതികരിച്ചു.