ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അധികാരമില്ലാത്ത കാര്യത്തിന് സമയം കളയുന്നതെന്തിന്?; നിയമസഭയുടെ പ്രമേയത്തിന് ഭരണഘടനാ സാധുത ഇല്ലെന്ന് ഗവര്‍ണര്‍ 

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സാധുതയും ഇല്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ നിയമത്തിന് ഭരണഘടനാപരമായ സാധുതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ അധികാരപരിധിയില്‍ അല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനില്ല. അങ്ങനെയുള്ള ഒരു കാര്യത്തിനായി എന്തിനാണ് സമയം ചെലവഴിക്കുന്നത്? കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സാധുതയും ഇല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

കേരളത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ഇല്ല. അതുകൊണ്ടുതന്നെ നിയമ ഭേദഗതി കേരളത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. അതേസമയം നിയമം പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചരിത്ര കോണ്‍ഗ്രസ് മുന്നോട്ടുവച്ച അഭിപ്രായങ്ങള്‍ നിയമ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കരുതെന്ന് സംസ്ഥാനത്തെ ഉപദേശിക്കുകയാണ് അവര്‍ ചെയ്തത്. അത് നിയമവിരുദ്ധമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യങ്ങളുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com