'അനാവശ്യ അനൗണ്‍സ്‌മെന്റ് ഒന്നും വേണ്ട' ; സദസ്സിനോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞ അവതാരകയോട് മുഖ്യമന്ത്രി ; ആശയക്കുഴപ്പം

നിലവിളക്ക് കൊളുത്തുന്ന വേളയില്‍ എഴുന്നേല്‍ക്കണോ ഇരിക്കണോ എന്ന സന്ദേഹത്തിലായി സദസ്സ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : ഉദ്ഘാടന വേളയില്‍ സദസ്സ് എഴുന്നേല്‍ക്കാനുള്ള അനൗണ്‍സ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ തടഞ്ഞു. നിലവിളക്ക് കൊളുത്തി ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥിയെ ക്ഷണിച്ചശേഷം സദസ്സിനോട് എഴുന്നേല്‍ക്കാന്‍ പരിപാടിയുടെ അവതാരക അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (റെറ) ഉദ്ഘാടനവേളയിലായിരുന്നു സംഭവം.

കൈവിളക്ക് കയ്യിലെടുത്തുകൊണ്ട് പിണറായി വിജയന്‍, പിന്നിലേക്ക് തിരിഞ്ഞ് അവതാരകയോട് അനാവശ്യ അനൗണ്‍സ്‌മെന്റ് ഒന്നും വേണ്ട എന്ന് നിര്‍ദേശിച്ചു. ഇതോടെ നിലവിളക്ക് കൊളുത്തുന്ന വേളയില്‍ എഴുന്നേല്‍ക്കണോ ഇരിക്കണോ എന്ന സന്ദേഹത്തിലായി സദസ്സ്. എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സദസ്സിനോട് ഇരിക്കാനും മുഖ്യമന്ത്രി കൈകൊണ്ട് ആംഗ്യം കാട്ടി.

പിന്നീട് പ്രസംഗത്തിന് ശേഷം വേദിയില്‍ നിന്നും ഇറങ്ങിയ മുഖ്യമന്ത്രിയെ, വിശിഷ്ടാതിഥികളില്‍ ചിലര്‍ ഹോട്ടലിന്റെ കവാടം വരെ അനുഗമിക്കാന്‍ തുനിഞ്ഞു. എന്നാല്‍ നീക്കവും മുഖ്യമന്ത്രി വിലക്കി. ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍, ക്രെഡായ് കേരള ചെയര്‍മാന്‍ എസ് കൃഷ്ണകുമാര്‍, കെ-റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com