ഒരാളുടെ എതിര്‍പ്പിന് എന്ത് പ്രസക്തി?; പ്രമേയത്തെ എതിര്‍ക്കാതിരുന്നത് മനഃപൂര്‍വ്വം: രാജഗോപാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 11:33 AM  |  

Last Updated: 02nd January 2020 11:35 AM  |   A+A-   |  

 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്ന് കണ്ടാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് മനഃപൂര്‍വ്വമായിരുന്നു. ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്ന് തോന്നി. അതിനാലാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഈ പ്രമേയത്തെയും എതിര്‍ക്കാതിരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രമേയത്തെ എതിര്‍ത്ത് സഭയില്‍ രാജഗോപാല്‍ സംസാരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കൈ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാജഗോപാല്‍ പ്രതികരിച്ചിരുന്നില്ല.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരായ  പ്രമേയം ഭരണഘടനാ വിരുദ്ധമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് രാജഗോപാല്‍ അന്ന് പറഞ്ഞത്. മതത്തിന്റെ പേരില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കുന്നതല്ല നിയമം. നിയമത്തെ വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രാജഗോപാല്‍ ആരോപിച്ചു.

പൗരത്വനിയമം മുസ്ലിങ്ങള്‍ക്കെതിരല്ല. രാഷ്ട്രവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ വീരവാദം പറയുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. പൗരത്വം എന്നു പറഞ്ഞാല്‍ അധികാരം കൊടുക്കലാണ്. ആ അധികാരം കൊടുക്കുന്ന അവസരത്തില്‍ അത് ജാതിക്കും മതത്തിനും എല്ലാം അതീതമായി നമ്മുടെ നാട്ടില്‍ ജീവിക്കുകയും ഈ രാജ്യത്തെ സ്‌നേഹിക്കുകയും, ഈ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവരൊക്കെ പൗരന്മാര്‍ തന്നെയാണ്. അതില്‍ ആര്‍ക്കാണ് വിരോധമെന്നുമാണ് രാജഗോപാല്‍ ചോദിച്ചത്.