ഒരേ സമയം 12 മോഷ്ടാക്കള്‍ ബാങ്കില്‍, ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ച് ശ്രദ്ധതിരിച്ചു; ക്യാഷ് കൗണ്ടറില്‍ നിന്ന് നാലുലക്ഷം തട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 06:59 AM  |  

Last Updated: 02nd January 2020 06:59 AM  |   A+A-   |  

 

തൃശൂര്‍: നഗരത്തില്‍ പട്ടാപ്പകല്‍ ബാങ്കില്‍ കവര്‍ച്ച. 12 അംഗ മോഷണ സംഘം നാടകീയമായി നാലുലക്ഷം രൂപ കവര്‍ന്നു. നാലു പേര്‍ കാവല്‍ നില്‍ക്കുകയും മറ്റ് ഏഴുപേര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന്‍ ക്യാഷ് കൗണ്ടറിലെ കാബിനില്‍ നിന്ന് നാലുലക്ഷം രൂപ കവര്‍ന്നത്. വൈകിട്ടു ബാങ്കിലെ  പതിവ് കണക്കെടുപ്പിനിടെ 4 ലക്ഷം രൂപ കുറവുണ്ടായതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത് . മോഷ്ടാക്കളില്‍ ചിലര്‍ ഹിന്ദിയിലും തമിഴിലും സംസാരിച്ചതായി വിവരമുണ്ടെങ്കിലും ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച രാവിലെ 9നും 12നും ഇടയ്ക്ക്  സ്വരാജ് റൗണ്ട് സൗത്തിലെ എസ്ബിഐ ശാഖയിലായിരുന്നു കവര്‍ച്ച. 12 അംഗസംഘത്തില്‍ എട്ടുപേരാണ് ഉള്ളില്‍ കയറിയത്. മറ്റുള്ളവര്‍ ആര്‍ക്കും സംശയം തോന്നാത്ത വിധം വാതില്‍ക്കല്‍ കാവല്‍ നിന്നു. ഉള്ളില്‍ അഞ്ചു കൗണ്ടറുകളിലെയും ജീവനക്കാര്‍ക്കു മുന്നില്‍ 5 പേര്‍ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ ക്യാഷ് കൗണ്ടറിന് മുന്നില്‍ രണ്ടു പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.

ചില വൗച്ചറുകള്‍ ജീവനക്കാരെ കാണിച്ച ശേഷം ഇവര്‍ ഉച്ചത്തില്‍ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി. ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ഇവരിലേക്കു തിരിഞ്ഞ തക്കത്തില്‍ പന്ത്രണ്ടാമന്‍ ക്യാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റി. ഹെഡ് കാഷ്യര്‍ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കള്‍ക്കായി. ഈ തക്കത്തിന് പന്ത്രണ്ടാമന്‍ മേശവലിപ്പില്‍ നിന്നു 4 ലക്ഷം രൂപയെടുത്ത് അരയില്‍ ഒളിപ്പിച്ചു. ബാങ്കിനുള്ളിലുണ്ടായിരുന്ന എട്ടുപേരും ഒന്നിച്ചു തന്നെ പുറത്തുപോയി. പണം  കവര്‍ന്ന ഉടന്‍ അരയില്‍ ഒളിപ്പിക്കുന്ന  ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.