ഗായിക അനുരാധ പഡ്‌വാൾ എന്റെ അമ്മ, സം​ഗീത തിരക്കുകാരണം കുടുംബസുഹൃത്തിനെ നോക്കാനേൽപ്പിച്ചു; വർക്കല സ്വദേശിനി കുടുംബകോടതിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 06:58 AM  |  

Last Updated: 02nd January 2020 06:58 AM  |   A+A-   |  

anuradha

 

ബോളിവുഡ് ഗായിക അനുരാധ പഡ്‌വാൾ തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വർക്കല സ്വദേശി കർമ്മല മോഡക്സ് കുടുംബകോടതിയിൽ. അവകാശപ്പെട്ട സ്വത്ത്‌ നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചതായി കർമ്മല  വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അനുരാധ പഡ്‌വാൾ- അരുൺ പഡ്‌വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താൻ വളർന്നതെന്നും കർമ്മല പറഞ്ഞു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.

പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ്‌ തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്. കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ പറയുന്നു. 

വക്കീൽ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കർമ്മല മോഡക്സ് പറഞ്ഞു. ലീഗൽ അഡ്വൈസർ അഡ്വ. അനിൽപ്രസാദ്‌,  ഭർത്താവ് ടറൻസ്‌ മോഡക്സ് എന്നിവർക്കൊപ്പമാണ് കർമ്മല വാർത്താസമ്മേളനത്തിനെത്തിയത്.