പിരിവ് നൽകിയില്ല; യുവാവിനെ മർദ്ദിച്ച് ശരീരത്തിലൂടെ ഓട്ടോ ഓടിച്ചു കയറ്റി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2020 04:53 PM  |  

Last Updated: 02nd January 2020 04:55 PM  |   A+A-   |  

pradeep

ടെലിവിഷന്‍ ദൃശ്യം

 

തിരുവനന്തപുരം: യുവാവിനെ അക്രമിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പുതുവത്സരാഘോഷത്തിന് 100 രൂപ പിരിവ് നല്‍കാത്തിനെ തുടർന്ന് ഇയാൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

പുതുവത്സരാഘോഷത്തിനിടെയാണ് പ്രദീപടങ്ങുന്ന സംഘം പിരിവ് ചോദിച്ചത്. പണം നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയായ സെന്തില്‍ റോയിയെ ഇയാളടക്കം ഏഴ് പേർ ചേർന്ന് മർ​​ദ്ദിക്കുകയായിരുന്നു. പല തവണ മർദ്ദിച്ച ശേഷം റോഡിൽ പിടിച്ചിരുത്തി. പിന്നീട് പ്രദീപിന്റെ നിർദേശ പ്രകാരം സുബിൻ എന്നയാൾ സെന്തിലിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ച് കയറ്റുകയായിരുന്നു.

തുടയെല്ലുകളും വാരിയെല്ലുകളും പൊട്ടിയ സെന്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിലൂടെ ഓട്ടോ ഓടിച്ചു കയറ്റിയതിന്റെ പാടുകളുമുണ്ട്. സംഭവത്തിൽ പങ്കാളികളായ ആറ് പേർ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.