മന്നത്തിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം; 'ദ ലജന്റ് ഓഫ് മന്നം' പ്രകാശനം ചെയ്തു

മന്നത്തിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം; 'ദ ലജന്റ് ഓഫ് മന്നം' പ്രകാശനം ചെയ്തു
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്‍എസ്എസുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച 'ദ ലജന്റ് ഓഫ് മന്നം' ജി സുകുമാരന്‍ നായര്‍, അഡ്വ. നരേന്ദ്രനാഥന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്‍എസ്എസുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച 'ദ ലജന്റ് ഓഫ് മന്നം' ജി സുകുമാരന്‍ നായര്‍, അഡ്വ. നരേന്ദ്രനാഥന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

ചങ്ങനാശേരി: യുഗപ്രഭാവനായ മന്നത്ത് പത്മനാഭന്റെ നൂറ്റി നാല്‍പത്തി മൂന്നാമത് ജയന്തിയോടനുബന്ധിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്‍എസ്എസുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച 'ദ ലജന്റ് ഓഫ് മന്നം'  പ്രകാശനം ചെയ്തു. മന്നം ജയന്തി സമ്മേളന വേദിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, പ്രസിഡന്റ് അഡ്വ. നരേന്ദ്രനാഥന്‍ നായര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ (കേരള) വിഷ്ണു നായര്‍, ആരോഗ്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എംകെ സി നായര്‍, എന്‍എസ്എസ് ട്രഷറര്‍ ഡോ. എം ശശികുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

മന്നത്ത് പത്മനാഭന്റെ സംഭവ ബഹുലമായ ജീവിതത്തെ ചെറു കുറിപ്പുകളിലൂടെയും അപൂര്‍വമായ ചിത്രങ്ങളിലൂടെയും പുനരാവിഷ്‌കരിക്കുന്ന പുസ്തകമാണ്, ദ ലജന്റ് ഓഫ് മന്നം. ക്ലേശങ്ങള്‍ നിറഞ്ഞ ബാല്യം പിന്നിട്ട് അദ്ദേഹം നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമാവുന്നതും ഉയര്‍ന്ന ജാതിയില്‍നിന്ന് അധസ്ഥിതരുടെ ശബ്ദമായി മാറുന്നും എന്‍എന്‍എസിന്റെ സ്ഥാപനവുമെല്ലാം 176 പേജില്‍ സംക്ഷിപ്തമായി പുസ്തകത്തില്‍ വിവരിക്കുന്നു. ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ ചരിത്രവും അതുവഴി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ചരിത്രവുമായി മാറുന്ന പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആണ്.

രാവിലെ ഏഴരയ്ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കമായത്. മന്നം ജയന്തി സമ്മേളനം ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com