മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ച ക്രമം മാറ്റിയേക്കും; അന്തിമ തീരുമാനം നാളെ

വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ സാങ്കേതിക സമിതി നാളെ യോഗം ചേരും
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ച ക്രമം മാറ്റിയേക്കും; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ക്രമം മാറ്റിയേക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ സാങ്കേതിക സമിതി നാളെ യോഗം ചേരും.

മന്ത്രി എസി മൊയ്തീന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ക്രമം മാറ്റുന്ന കാര്യം ചർച്ചയായത്. എറണാകുളം ജില്ലാ കലക്ടറും സബ് കലക്ടറും മരട് നഗരസഭാ പ്രതിനിധികളും സമരക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ആല്‍ഫാ ടവേഴ്‌സാണ് ആദ്യം പൊളിക്കാന്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് എച്ച്ടുഒ പൊളിക്കാനും നിശ്ചയിച്ചിരുന്നു. ഇവ രണ്ടും ജനവാസ കേന്ദ്രത്തിലാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി. അവസാനം പൊളിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നിവ ജനവാസ കേന്ദ്രത്തിലല്ലെന്നും സമരക്കാര്‍ പറയുന്നു.

ജനവാസ കേന്ദ്രത്തിന് തൊട്ടടുത്തല്ലാത്ത ഫ്ലാറ്റുകള്‍ ആദ്യം പൊളിച്ച് തകര്‍ച്ചയുടെ ആഘാതം വിലയിരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതോടെ സമയംക്രമം മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് മന്ത്രി സബ് കലക്ടറോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കലക്ടര്‍ മറുപടി നല്‍കി. ഇതോടെയാണ് നാളെത്തെ സങ്കേതിക സമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായത്.

തീരുമാനം അറിഞ്ഞ ശേഷമെ സമരത്തില്‍നിന്ന് പിന്മാറൂവെന്ന് സമര സമിതി വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സമര സമിതി നേതാക്കള്‍ അറിയിച്ചു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ വിപണി വിലയ്ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com