'ലുങ്കിമാര്‍ച്ച്' വിജയിച്ചു; ഇനി ലുങ്കി ഉടുത്തും ആഡംബര ഹോട്ടലുകളില്‍ കയറാം, ആരും തടയില്ല, നിയമം കൂടെയുണ്ട്

ജൂലൈയില്‍ ഉണ്ടായ സംഭവമാണ് നിയമനിര്‍മ്മാണത്തിന് കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്
'ലുങ്കിമാര്‍ച്ച്' വിജയിച്ചു; ഇനി ലുങ്കി ഉടുത്തും ആഡംബര ഹോട്ടലുകളില്‍ കയറാം, ആരും തടയില്ല, നിയമം കൂടെയുണ്ട്

കോഴിക്കോട്: ലുങ്കി ഉടുത്ത് സ്റ്റാര്‍ ഹോട്ടലില്‍ പോകുന്ന കാര്യം ചിന്തിക്കാന്‍ കഴിയുമോ?. നാണംകെടുമെന്ന ചിന്തയില്‍ ഒട്ടുമിക്ക ആളുകളും ഇതിന് തുനിയില്ല എന്നതാണ് സത്യം. എന്നാല്‍ തദ്ദേശ വസ്ത്രധാരണരീതികളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചുവരുന്നവരെ ഹോട്ടലുകള്‍ തടയരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം നിര്‍മ്മിച്ചിരിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍.

ജൂലൈയില്‍ ഉണ്ടായ സംഭവമാണ് നിയമനിര്‍മ്മാണത്തിന് കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. ലുങ്കി ഉടുത്ത് വന്ന കരീം ചേലമ്പ്ര എന്ന വ്യക്തിയെ സീ ക്യൂന്‍ ഹോട്ടലിലെ ജീവനക്കാര്‍ തടഞ്ഞു എന്ന പരാതിയാണ് നിയമനിര്‍മ്മാണത്തിലേക്ക് നയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അന്ന് ലുങ്കി മാര്‍ച്ച് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.  സമൂഹം അംഗീകരിക്കുന്ന വേഷവിധാനമായി ലുങ്കിയെ കാണണമെന്ന തരത്തില്‍ സംസ്ഥാനവ്യാപകമായ ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിമരുന്നിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തനത് വസ്ത്രധാരണരീതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വ്യവസ്ഥ ഉണ്ടാക്കിയത്.

നിയമത്തില്‍ ലുങ്കി എന്ന് എടുത്തുപറയുന്നില്ല.നാടന്‍ വേഷവിധാനങ്ങളോടെ വരുന്നവരെ തടയരുതെന്ന് ഹോട്ടലുകളോട് നിര്‍ദേശിക്കുന്നതാണ് നിയമം. തദ്ദേശീയമായ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തനത് ആചാരങ്ങളെയും വേഷവിധാന രീതികളെയും ബഹുമാനിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാവണമെന്നും നിയമത്തില്‍ പറയുന്നു.ഹോട്ടലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഏതുതരത്തിലുളള വേഷവിധാനം തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നിയമമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com