'അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ' ; ഉപതെരഞ്ഞെടുപ്പ് തോല്‍വി മറയ്ക്കാന്‍ ചിലര്‍ കണ്ണടച്ച് ആക്ഷേപിക്കുന്നുവെന്ന് വെള്ളാപ്പള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 10:27 AM |
Last Updated: 03rd January 2020 10:27 AM | A+A A- |

ആലപ്പുഴ : ശരിദൂരവും സമദൂരവും മാറിമാറിപ്പറഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ജാള്യത മറയ്ക്കാന്‍ ചിലര്‍ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ എന്നതാണ് ഇവരുടെ രീതി. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ചേര്‍ത്തലയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസംഗമം-2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. സി കേശവന്‍, ആര്‍ ശങ്കര്‍, കെ ആര്‍ ഗൗരിയമ്മ, വിഎസ് അച്യുതാനന്ദന്‍, അവസാനം പിണറായി വിജയനേയും ഇക്കൂട്ടര്‍ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൗശലപൂര്‍വമാണ് കരുനീക്കം നടത്തുന്നത്.
ഉദ്യോഗസ്ഥ തലത്തിലെ ഉന്നതസ്ഥാനങ്ങളില്‍ നിന്നും ഈഴവര്‍ അകറ്റിനിര്‍ത്തപ്പെടുന്നതുമൂലം അര്‍ഹതപ്പെട്ടത് പലതും നഷ്ടമാകുന്നു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒപ്പം പിന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ഏര്‍പ്പെടുത്തണം. സംഘടിതമതവിഭാഗങ്ങള്‍ അധികാരങ്ങള്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍അസംഘടിതരായ പിന്നാക്കക്കാരന്‍ എന്നും പടിക്കുപുറത്താണ്.
അധികാരം അധസ്ഥിതര്‍ക്ക് എന്നു പറയുന്നവര്‍ തന്നെ അധസ്ഥിതരെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് നിര്‍ത്തുകയാണ്. ഒളിഞ്ഞും തെളിഞ്ഞും നേടാവുന്നതെല്ലാം നേടിയശേഷം സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുലംകുത്തികളെ തിരിച്ചറിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.