'കേരളമെന്ന് കേട്ടാല്‍ ഭ്രാന്ത്, എന്തിനാണ് ഈ വെറുപ്പ് ?' ; കേന്ദ്രത്തിനെതിരെ എ കെ ബാലന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 10:46 AM |
Last Updated: 03rd January 2020 10:46 AM | A+A A- |

തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെ വിമര്‍ശിച്ച് സാംസ്‌കാരികമന്ത്രി എ കെ ബാലന്‍. കേരളത്തിനെ ഒഴിവാക്കിയതില്‍ ഒരു അത്ഭുതവും ഇല്ല. കേരളത്തിന്റേത് അതിമനോഹരമായ ഫ്‌ലോട്ട് ആയിരുന്നു. എന്തിനാണ് ഈ വെറുപ്പ് എന്നു മനസ്സിലാകുന്നില്ല. കേരളമെന്ന് കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ, പരിശോധനയുടെ മൂന്നാം റൗണ്ടില്‍ പുറത്താക്കുകയായിരുന്നു. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുള്‍പ്പെട്ട നിശ്ചദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തത്. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധങ്ങളോട് പ്രതികാരം ചെയ്യുകയാണ് കേന്ദ്രമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.