'കഞ്ചാവ് മാഫിയയെ ധൈര്യത്തോടെ നേരിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഇനി കാടു കയറില്ല'; ചികിത്സയിലായിരുന്ന ഷര്‍മിള മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 07:13 AM  |  

Last Updated: 03rd January 2020 07:13 AM  |   A+A-   |  

 

പാലക്കാട്:  ജോലിക്കിടെ ഭവാനിപ്പുഴയിലേക്കു ജീപ്പ് മറിഞ്ഞു ചികിത്സയിലായിരുന്ന അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മരിച്ചു. പാലക്കാട് കളളിക്കാടം ദീപം വീട്ടില്‍ ഷര്‍മിള ജയറാം(32) ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഗളിയില്‍ ചുമതലയേറ്റ ഷര്‍മിള കാട്ടുതീ പ്രതിരോധത്തിലും വനത്തിനുള്ളിലെ കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

24നു വൈകിട്ട് അഞ്ചരയോടെയാണ് ഷര്‍മിള സഞ്ചരിച്ച ഔദ്യോഗിക വാഹനം പുഴയുടെ ചെമ്മണ്ണൂര്‍ ഭാഗത്തു കൈവരിയില്ലാത്ത വീതികുറഞ്ഞ പാലത്തില്‍നിന്നു പുഴയിലേക്കു വീണത്. ചികിത്സയിലായിരുന്ന െ്രെഡവര്‍ ഉബൈദ് ഒരാഴ്ച മുന്‍പു മരിച്ചു.

പുഴയുടെ മറുകരയില്‍ പന്നിയൂര്‍ പടികയിലെ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ കൈവരികള്‍ നന്നാക്കാത്തതിനാലാണ് ജീപ്പ് മറിഞ്ഞത്. വാഹനത്തില്‍ അകപ്പെട്ട ഉബൈദിനെയാണ് ആദ്യം പുറത്തെടുത്തത്.

റേഞ്ച് ഓഫീസറും ഉണ്ടെന്ന് ഉബൈദ് അറിയിച്ചതിനെത്തുടര്‍ന്നു വാഹനം പൊളിച്ചു ഷര്‍മിളയെ പുറത്തെടുത്തു. 20 മിനിറ്റോളം ഇവര്‍ വെള്ളത്തിനടിയിലായിരുന്നു. ചികിത്സയിലിരിക്കെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ലക്ഷണങ്ങള്‍ പലപ്പോഴായി കാണിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങി.

വനത്തിനുളളിലെ കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധിക്കുന്നതിനും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഷര്‍മിള,
വനമേഖലയിലെ സ്‌കൂളുകള്‍ക്കും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായമെത്തിക്കാന്‍ 'ആരണ്യോപഹാരം' എന്ന പ്രത്യേക പദ്ധതിയും നടപ്പാക്കി.