'ഞാന്‍ സംസ്ഥാനത്തിന്റെ തലവന്‍'; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടും: സിപിഎമ്മിന് ഗവര്‍ണറുടെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 08:21 PM |
Last Updated: 03rd January 2020 08:21 PM | A+A A- |

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍ ചിത്രം
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയതില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച സിപിഎം നേതൃത്വത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. താന്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പറയും. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭയുടെ നടപടികളില്‍ ഇടപെട്ടിട്ടില്ല. സംസ്ഥാന നിയമസഭയുടെ പ്രമേയത്തിന് നിയമസാധുതയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ല പൗരത്വ നിയമം. ഇത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തില്‍ വരുന്നതാണ്. ഒരു സംസ്ഥാനത്തിനും ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍' കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സിപിഎം വിമര്‍ശനമുന്നയിച്ചിരുന്നു.
തരംതാണ രാഷ്ട്രീയക്കളിയിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന് അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആര്‍.എസ്.എസ്സുകാര്‍ അദ്ദേഹത്തെ ഉപദേശിക്കണം. സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു. ഏതു നിയമത്തിന്റെ ലംഘനമാണ് നിയമസഭ നടത്തിയതെന്ന് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹത്തിനു കഴിയുമോ? എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ് ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട് ആരിഫ് മുഹമ്മദ്ഖാന്‍ കാഴ്ചവച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.