പൊലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കാൻ ശ്രമം; തീ കൊളുത്തിയ ആൾ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2020 06:45 AM |
Last Updated: 03rd January 2020 06:45 AM | A+A A- |
പാലക്കാട്: താമസ സ്ഥലത്തു നിന്നു കുടിയിറക്കാൻ ശ്രമിച്ചതിൽ മനംനൊന്തു തീ കൊളുത്തിയ ആൾ മരിച്ചു. വണ്ണാമട വെള്ളാരങ്കൽമേട്ടിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാജനാണു (65) മരിച്ചത്. ജല വകുപ്പിന്റെ പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിക്കുന്നതായി ചൂണ്ടിക്കാട്ടി ഡിസംബർ 30നാണ് ഉദ്യോഗസ്ഥർ കുടിയൊഴിപ്പിക്കാനെത്തിയത്. ഇതിനിടെ രാജൻ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉദ്യോഗസ്ഥരും പൊലീസും ചേർന്നു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
തൃശൂർ വല്ലച്ചിറയിലാണു രാജന്റെ കുടുംബം. മകൾ കരുണയുടെ ഭർത്താവ് ശെൽവരാജിന്റെ വീട് വെള്ളാരങ്കൽമേട്ടിലാണ്. വർഷങ്ങൾക്കു മുൻപു ശെൽവരാജ് മരിച്ചതോടെയാണു രാജൻ മകളുടെ വീടിനു സമീപത്തു താമസമാക്കിയത്. ശെൽവരാജിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം വില കൊടുത്തു വാങ്ങിയാണു ഷെഡ് കെട്ടിയതെന്നും അതിനു രേഖകൾ കിട്ടിയില്ലെന്നും കരുണ പറഞ്ഞിരുന്നു.
രേഖകൾ പ്രകാരം രാജൻ താമസിച്ചിരുന്നതുൾപ്പെടെയുള്ള സ്ഥലം പുറമ്പോക്കിൽപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പല തവണ നോട്ടീസ് നൽകിയിട്ടും ഒഴിയാത്തതിനെ തുടർന്നാണു പൊലീസിന്റെ സഹായത്തോടെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓമനയാണു രാജന്റെ ഭാര്യ. മകൻ: ഉണ്ണിക്കൃഷ്ണൻ. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ ഇരിങ്ങാലക്കുടയിലെ ശ്മശാനത്തിൽ സംസ്കാരം നടത്തും.