'അച്യുതമേനോന്റെ പേര് മറന്നതല്ല, മനഃപൂര്‍വ്വം പറയാതെ ഇരുന്നത്'; മുഖ്യമന്ത്രിക്കെതിരെ സിപിഐ മുഖപത്രം

ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഐ മുഖപത്രം
'അച്യുതമേനോന്റെ പേര് മറന്നതല്ല, മനഃപൂര്‍വ്വം പറയാതെ ഇരുന്നത്'; മുഖ്യമന്ത്രിക്കെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ 50-ാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഐ മുഖപത്രം. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പ്രസംഗത്തിനിടെ പരാമര്‍ശിക്കാത്തതിലാണ് വിമര്‍ശനം.

1967 ല്‍ സിപിഐയും സിപിഐ(എം)ഉം ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണിക്ക് ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണ നടപടികള്‍  പൂര്‍ത്തീകരിക്കാനായില്ല. സപ്തകക്ഷി മുന്നണി ഗവണ്‍മെന്റ് നിലംപൊത്തിയതിനെ തുടര്‍ന്ന് അധികാരത്തില്‍വന്ന അച്യുതമേനോന്‍ സര്‍ക്കാരാണ് തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും ഭൂപരിഷ്‌കരണ ഭേദഗതി നിയമം നടപ്പില്‍ വരുത്തിയത്. കോടതി നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതും അച്യുതമേനോന്‍ സര്‍ക്കാരിന്റെ മികവു തന്നെ. എന്നിട്ടും യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നുവെന്ന് പിണറായി വിജയനെ ഉദ്ദേശിച്ച് ജനയുഗത്തിലെ മുഖപ്രസംഗം പറയുന്നു.

ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ, ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക.  ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്ന മോദി സര്‍ക്കാരിനെതിരെയുളള ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com