ജര്‍മനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കുമോ?; പരിഹാസവുമായി ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 01:12 PM  |  

Last Updated: 03rd January 2020 01:12 PM  |   A+A-   |  

governor_pinarayi

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ ബിപി ദീപു

 

കോട്ടയം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയുടെ നടപടി പൊതുപണം പാഴാക്കലാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജര്‍മനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നാവശ്യപ്പെട്ടു കേരള നിയമസഭ പ്രമയേം പാസാക്കുമോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

പൗരത്വം യൂണിയന്‍ ലിസ്റ്റില്‍ പറയുന്ന കാര്യമാണ്. അതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു കാര്യവുമില്ല. പിന്നെ എന്തിനാണ് അതിനു വേണ്ടി സമയം ചെലവഴിക്കുന്നത്? ഗവര്‍ണര്‍ ചോദിച്ചു.

ജനങ്ങളുടെ പണം പാഴാക്കലാണ് നിയമസഭയുടെ നടപടി. ജനക്ഷേമത്തിനു വേണ്ടി ചെലവഴിക്കേണ്ട പണമാണിത്. പ്രമേയം ചട്ടത്തിന് അനുസരിച്ചാണെന്ന് നിയമ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, നിയമ വിരുദ്ധം ആണെന്നു താന്‍ പറയുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. പ്രമേയം പാസാക്കുന്നത് നിയമസഭയുടെ അവകാശം ആയിരിക്കാം. കൈയിലുള്ള വരുന്ന പണം എറിഞ്ഞുകളയുന്നത് ഒരാളുടെ അവകാശമാണ്. അതുകൊണ്ടു വല്ല കാര്യവുമുണ്ടോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

അമേരിക്ക അഫ്ഗാനിസ്ഥാന്‍ ആക്രമിക്കണം എന്നു പറഞ്ഞ് നിയമസഭ പ്രമേയം പാസാക്കുമോ? ജര്‍മനി ഇംഗ്ലണ്ടിനെ ആക്രമിക്കണം എന്നു പറഞ്ഞു പ്രമേയം പാസാക്കുന്നതു പോലെയാണ് പൗരത്വ നിയമ ഭേദഗതിയില്‍ കേരള നിയമസഭയുടെ പ്രമേയമെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.

പൗരത്വ നിയമ ഭേദഗതി കേരളത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ? കേരളത്തിന് ഈ നിയമം കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

വിവര ശേഖരണത്തില്‍ സര്‍ക്കാരിനോട് സഹകരിക്കരുതെന്ന് ചരിത്ര കോണ്‍ഗ്രസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വിവരങ്ങള്‍ കൈമാറരുതെന്നു പറഞ്ഞു. ഇത് കുറ്റകൃത്യമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.