ആരോരുമില്ലാത്ത ഗീത 'ഒരുനിമിഷം കൊണ്ട്' പെരുവഴിയിലായി; വീട് തീ വിഴുങ്ങി, ദുരിതം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2020 12:35 PM |
Last Updated: 04th January 2020 12:35 PM | A+A A- |

കൊല്ലം: അയല്‍പക്കത്തെ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന ഗീത ബഹളം കേട്ടാണ് ഓടിയെത്തിയത്. ഒരുനിമിഷം കൊണ്ട് അന്തിയുറങ്ങാനുണ്ടായിരുന്ന കൂര തീ വിഴുങ്ങിയതിന്റെ ഞെട്ടലിലാണ് ഭിന്നശേഷിക്കാരിയായ കരുനാഗപ്പളളി കോഴിക്കോട് സ്വദേശിനി. ആരോരുമില്ലാത്ത ഗീത, വീട്ടുപണി ചെയ്തുണ്ടാക്കിയതെല്ലാം കത്തി നശിച്ചു. കേറിച്ചെല്ലാന്‍ ബന്ധുവീടുകള്‍ പോലുമില്ലാത്തതിനാല്‍ അയല്‍വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.
രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഗീതയുടെ വീടും വീട്ടുപണി ചെയ്ത് സമ്പാദിച്ചതും എല്ലാം നശിച്ചിരുന്നു. കരുനാഗപ്പള്ളി കോഴിക്കോട്ടുള്ള വീട്ടില്‍ തനിച്ചായിരുന്നു ഗീതയുടെ താമസം. ഭിന്നശേഷിക്കാരിയും വിധവയുമായ ഗീത വീട്ടു ജോലിക്ക് പോയാണ് ജീവിത മാര്‍ഗം കണ്ടെത്തിയിരുന്നത്.
ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉളളതെല്ലാം നശിച്ച ഗീതയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പൊതുസമൂഹത്തിന്റെ സഹായവും കരുതലും വേണം. ആരെങ്കിലും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ അയലത്തെ വീട്ടില്‍ കാത്തിരിക്കുകയാണ് അവര്‍.