ആര്,എപ്പോ,എങ്ങനെയെന്നുള്ള വിവാദങ്ങള്‍ക്ക് ഞാനില്ല; ഭൂപരിഷ്‌കരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതു പൈതൃകം, സിപിഐ വേദിയില്‍ തോമസ് ഐസക്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 04th January 2020 10:49 PM  |  

Last Updated: 04th January 2020 10:52 PM  |   A+A-   |  


തൃശൂര്‍: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊതു പൈതൃകമാണ് ഭൂപരിഷ്‌കരണ നിയമമെന്ന് മന്ത്രി തോമസ് ഐസക്. വിമോചന സമരം കാരണമാണ് പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത്. ഞാനിപ്പോ ആര്, എപ്പോ, എങ്ങനെ തുടങ്ങി മറ്റ് വിവാദങ്ങള്‍ക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. തൃശൂരില്‍ സിപിഐ സംഘടിപ്പിച്ച ഭൂപരിഷ്‌കരണ നിയമ സെമിനാറിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍. 

സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷിക ഉദ്ഘാടന പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പറയാതിരുന്നത് നേരാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു കാനം. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ നോക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചരിത്രം വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നും കാനം പറഞ്ഞു.

ഭൂപരിഷ്‌കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുത മേനോനാണ്. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. ഇത് പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല, ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. ചരിത്രം പലതരത്തില്‍ പഠിക്കാം, വായിച്ചുപഠിക്കുന്നതാണ് നല്ലത്. അദ്ദേഹം പറഞ്ഞു.

ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാട പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് ഒഴിവാക്കിയതിന് എതിരെ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി, ചിലരെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്ന് പറഞ്ഞിരുന്നു.

എന്തോ മഹാപരാധം ചെയ്തു എന്ന തരത്തിലാണ് പ്രചാരണം. പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. പ്രസംഗിച്ചത് തന്റെ ഔചിത്യ ബോധം അനുസരിച്ചാണെന്നും അത് മനസ്സിലാക്കാനുള്ള വിവേകം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഖിലേന്ത്യ കര്‍ഷ തൊഴിലാളി യൂണിയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.