പൊതുടാപ്പ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു; പൊട്ടിയൊഴുകുന്ന ചെളിവെള്ളം കോരിയെടുത്ത് ആദിവാസി കോളനിവാസികൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2020 07:49 AM |
Last Updated: 04th January 2020 07:49 AM | A+A A- |

വയനാട്; കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് കൊല്ലിവയൽ നാലു സെന്റ് അംബേദ്കർ ആദിവാസി കോളനി നിവാസികൾ. വെള്ളം എത്തിക്കുന്നതിനായി ജലഅതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകൾ സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നതാണ് കോളനിവാസികൾക്ക് തലവേദനയാകുന്നത്. പൊട്ടിയ ടാപ്പ് നന്നാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല. ഇപ്പോൾ പൊട്ടിയൊഴുകുന്ന വെള്ളം കോരിയെടുത്താണ് കോളനി നിവാസികൾ ദാഹമകറ്റുന്നത്.
കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന മൃഗാശുപത്രി കവലയിലെ കൊല്ലിവയൽ ആദിവാസി കോളനിക്കാരാണ് കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. 48 കുടുംബങ്ങളിൽ നിന്നായി 150 ലേറെ പേർക്ക് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളമാണ്. ഇതിനായി മൂന്ന് പൊതുടാപ്പുകൾ കോളനിയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മദ്യപിച്ചെത്തുന്ന ചിലർ പൈപ്പ് പതിവായി പൊട്ടിക്കുകയാണെന്ന് കോളനിക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമ്പളക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോളനിയിൽ രണ്ട് പൊതുകിണറാണുള്ളത്. ഇവയിൽ ഒന്ന് മാലിന്യം കലർന്ന് തീർത്തും ഉപയോഗ ശൂന്യമാണ്. ഒന്നിലാണെങ്കിൽ രണ്ട് റിങ് വെള്ളം മാത്രമാണുള്ളത്. വെള്ളം പമ്പ് ചെയ്താൽ പൊട്ടിയ പൈപ്പിനടിയിൽനിന്ന് വെള്ളം റോഡിലേക്ക് ഒഴുകും. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഈ ഒഴുകുന്ന വെള്ളം പാത്രത്തിൽ കോരി എടുത്താണ് കോളനിയിലെ ചില കുടുംബങ്ങൾ ഉപയോഗിക്കുന്നത്.