തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട്ടും ഇനി വനിതാ മേയര്‍മാര്‍; തദ്ദേശ സ്ഥാപനങ്ങളിലെ സംവരണത്തില്‍ മാറ്റം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 10:05 AM  |  

Last Updated: 04th January 2020 10:05 AM  |   A+A-   |  

evm_ht_1555529992


കൊച്ചി: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകള്‍ക്ക് ഇനി വനിതാ മേയര്‍മാര്‍. ഈ വര്‍ഷം അവസാനം നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു ശേഷം ഈ കോര്‍പ്പറേഷനുകളില്‍ വനിതാ മേയര്‍മാരായിരിക്കും സ്ഥാനമേല്‍ക്കുക. നിലവില്‍ പൊതു വിഭാഗത്തിലുള്ള മുനിസിപ്പാലിറ്റികളിലും ഇനി അധ്യക്ഷപദം വനിതകള്‍ക്കാവുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ കൊച്ചി, കണ്ണൂര്‍, തൃശൂര്‍ എന്നിവയില്‍ മേയര്‍ പദവി നിലവില്‍ വനിതാ സംവരണമാണ്. ഇവ പൊതുവിഭാഗത്തിലേക്കു മാറ്റും. ഇപ്പോള്‍ പൊതുവിഭാഗത്തിലുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തും. 

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ സംസ്ഥാനത്ത് വനിതകള്‍ക്ക് അന്‍പതു ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ പകുതിയിലും അധ്യക്ഷ പദത്തില്‍ വനിതകളാണ്. 2015ല്‍ വനിതാ സംവിരണം ഉണ്ടായിരുന്ന തദ്ദേശ സ്ഥാപനത്തില്‍ ഇക്കുറി പൊതു വിഭാഗത്തിലേക്കു മാറും. 941 ഗ്രാമ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്. ആറു കോര്‍പ്പറേഷനുകള്‍ക്കു പുറമേ 87 മുനിസിപ്പിലിറ്റികളും കേരളത്തിലുണ്ട്. 

കേരളത്തിനു പുറമേ ആന്ധ്ര, ബിഹാര്‍, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നടാ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അന്‍പതു ശമതാനം വനിതാ സംവരണമുള്ളത്.