മീന്‍പിടിച്ചും കൂലിപ്പണിയെടുത്തും വായ്പയെടുത്തും ഒരു ലക്ഷത്തിന്റെ ബൈക്ക് വാങ്ങി; കൂട്ടുകാരന്റെ 'ടെസ്റ്റ് ഡ്രൈവില്‍' പണി കിട്ടി

കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിന്റെ ഒരു ലക്ഷത്തിലേറെ വിലയുളള ബൈക്ക് ഇപ്പോള്‍ എക്‌സൈസ് ഗോഡൗണില്‍ പൊടിപിടിച്ചു കിടക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍:  മീന്‍പിടിച്ചും കൂലിപ്പണിയെടുത്തും ബാക്കി തുക വായ്പയെടുത്തും വാങ്ങിയ പുത്തന്‍ ബൈക്കില്‍ സുഹൃത്ത് കഞ്ചാവ് കടത്തിയതോടെ, യുവാവിന് നഷ്ടമായത് രജിസ്‌ട്രേഷന്‍ പോലും പൂര്‍ത്തിയാക്കാത്ത ബൈക്ക്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിന്റെ ഒരു ലക്ഷത്തിലേറെ വിലയുളള ബൈക്ക് ഇപ്പോള്‍ എക്‌സൈസ് ഗോഡൗണില്‍ പൊടിപിടിച്ചു കിടക്കുകയാണ്. ഇനി കേസ് പൂര്‍ത്തീയായാലും ഉടമയ്ക്കു ബൈക്ക് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം.

പുതിയ ബൈക്ക് കണ്ടപ്പോള്‍ സുഹൃത്ത് ഓടിച്ചുനോക്കാന്‍ ചോദിച്ചു. ബൈക്ക് കയ്യില്‍കിട്ടിയ ഇയാള്‍ മറ്റൊരാളെയും കൂട്ടി അവിടെ നിന്ന് കടന്നു കളഞ്ഞു. ഒരു ട്രിപ്പ് പോയിവരാമെന്നു വിളിച്ചു പറഞ്ഞപ്പോള്‍ യുവാവിന് കുഴപ്പമൊന്നും തോന്നിയില്ല.

എന്നാല്‍ ബൈക്കുമായി പോയവര്‍ പൊള്ളാച്ചിയിലെത്തി കഞ്ചാവുമായി തിരിച്ചുവരും വഴി ഗോവിന്ദാപുരത്ത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ഇതോടെ 'ഫോര്‍ റജിസ്‌ട്രേഷന്‍ ' സ്റ്റിക്കര്‍ പതിപ്പിച്ച ബൈക്ക് എക്‌സൈസ് തൊണ്ടിയാക്കി കസ്റ്റഡിയിലെടുത്തു. ദീര്‍ഘകാലം ടൗണ്‍ സ്റ്റാന്‍ഡിനു സമീപത്തെ എക്‌സൈസ് ഓഫിസിനു സമീപം പൊടിപിടിച്ചു കിടന്ന ബൈക്ക് അടുത്ത കാലത്താണ് മേനോന്‍പാറയിലെ ഗോഡൗണിലേക്കു മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com