വിവാഹസര്‍ട്ടിഫിക്കറ്റ് വേണോ ?, കല്യാണം 'ഹരിത'മായിരിക്കണം ; പ്ലേറ്റുകളും ഗ്ലാസുകളും പഞ്ചായത്ത് തരും, വേറിട്ട മാതൃക

'ക്ലീന്‍ മാറാക്കര' പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു ആശയം നടപ്പാക്കിയതെന്ന് പഞ്ചായത്ത് അധികൃതര്‍
വിവാഹസര്‍ട്ടിഫിക്കറ്റ് വേണോ ?, കല്യാണം 'ഹരിത'മായിരിക്കണം ; പ്ലേറ്റുകളും ഗ്ലാസുകളും പഞ്ചായത്ത് തരും, വേറിട്ട മാതൃക

മലപ്പുറം : പാര്‍ട്ടിയും സദ്യയുമൊക്കെയായി കല്യാണം അടിച്ചുപൊളിച്ചു നടത്താമെങ്കിലും, ഹരിതചട്ടം പാലിച്ചില്ലെങ്കില്‍ മാറാക്കരക്കാര്‍ ഇനി ബുദ്ധിമുട്ടും. വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല എന്നു മാത്രമല്ല, പിഴ ഒടുക്കുകയും ചെയ്യേണ്ടി വരും. ചട്ടങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടന്നതെന്ന് വാര്‍ഡ് കൗണ്‍സിലറും സിഡിഎസ് അധ്യക്ഷനും പഞ്ചായത്ത് പ്രസിഡന്റും സാക്ഷ്യപ്പെടുത്തണം. എങ്കിലേ പഞ്ചായത്ത് ഓഫീസില്‍നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടൂ. 'ക്ലീന്‍ മാറാക്കര' പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു ആശയം നടപ്പാക്കിയതെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പള്ളിമാലില്‍ മുഹമ്മദലി പറഞ്ഞു.

കണ്ണുരുട്ടിയോ നോട്ടീസ് നല്‍കിയോ അല്ല പഞ്ചായത്ത് പഞ്ചായത്ത് ഹരിത ചട്ടം നടപ്പാക്കുന്നത്. പകരം കല്യാണവീട്ടുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചുനല്‍കിയാണ്. ഇതിനായി ഏഴായിരം പ്ലേറ്റുകളും അത്രയും സ്റ്റീല്‍ഗ്ലാസുകളുമാണ് പഞ്ചായത്ത് വാങ്ങിയത്. ആവശ്യമുള്ളവര്‍ക്ക് വാടകയില്ലാതെ പഞ്ചായത്തു തന്നെ ഇത് എത്തിച്ചു കൊടുക്കും.

കുടുംബശ്രീയും ഹരിത കര്‍മസേനാംഗങ്ങളും ചേര്‍ന്നാണ് പ്ലേറ്റ് എത്തിക്കുന്നതും കഴുകിവൃത്തിയാക്കി തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം. സര്‍വീസ് ചാര്‍ജായി ഒരു പ്ലേറ്റിനും ഗ്ലാസിനും കൂടി മൂന്നുരൂപ ഈടാക്കുന്നതല്ലാതെ വാടകയില്ല. പുറത്തുനിന്നാണെങ്കില്‍ ആറുരൂപയാണ് പ്ലേറ്റിനും ഗ്ലാസിനും വാടക. കഴുകുന്നതിനും കൊണ്ടുവരുന്നതിനും വേറേ പണവുംനല്‍കണം.

എ പി മൊയ്തീന്‍കുട്ടി പ്രസിഡന്റായിരിക്കെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പത്തുലക്ഷംരൂപ മുടക്കിയാണ് പ്ലേറ്റും ഗ്ലാസും വാങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ആവശ്യക്കാര്‍ക്ക് നല്‍കാനും തുടങ്ങി. മികച്ച പ്രതികരണമാണ് സംവിധാനത്തിന് ലഭിക്കുന്നതെന്ന് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന്‍ പറഞ്ഞു. നാല് വിവാഹങ്ങള്‍ക്ക് ഹരിത സാക്ഷ്യപത്രവും നല്‍കിയതായി അദ്ദേഹം പറഞ്ഞു.

അടുത്ത പദ്ധതിയില്‍ കല്യാണങ്ങള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ പാത്രങ്ങളും വാങ്ങാനാണ് പഞ്ചായത്തിന്റെ പരിപാടി. ജനുവരിയില്‍ത്തന്നെ മാറാക്കരയിലെ മുഴുവന്‍ സ്‌കൂളുള്‍ കുട്ടികള്‍ക്കും തുണിസഞ്ചികളും പേപ്പര്‍പേനകളും നല്‍കും. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ ഇതിന്റെ ജോലി ഏല്‍പ്പിച്ചു. ഇതുവഴി അവര്‍ക്കും വരുമാനമാകും. മുമ്പ് കടകളില്‍ പൊതിയാനുപയോഗിച്ചിരുന്ന പേപ്പര്‍കവറുകള്‍ എല്ലാകടകളിലും നിര്‍ബന്ധമാക്കും. ഇതിനുള്ള പരിശീലനവും നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com