കേന്ദ്രമന്ത്രിയെ വെള്ളംകുടിപ്പിച്ച് ഓണക്കൂര്‍; ബിജെപിയുടെ വിശദീകരണ പരിപാടിയില്‍ തുടക്കത്തിലെ കല്ലുകടി, ഗൃഹസന്ദര്‍ശനം വെട്ടിച്ചുരുക്കി മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2020 02:52 PM |
Last Updated: 05th January 2020 02:52 PM | A+A A- |
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിശദീകരിക്കാന്‍ ബിജെപി സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടിക്ക് തുടക്കത്തിലെ കല്ലുകടി. എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാനായില്ല.
കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനൊപ്പം എത്തിയ ബിജെപി നേതാക്കള്‍ക്ക് ശരിക്കും വിയര്‍ക്കേണ്ടിവന്നു.
മന്ത്രിക്കും സംഘത്തിനും പറയാനുള്ളതെല്ലാം കേട്ട ശേഷം, കേന്ദ്ര നയത്തിനെതിരായ വിയോജിപ്പ് തുറന്ന് പറയുകയാണ് ജോര്‍ജ് ഓണക്കൂര്‍ ചെയ്തത്. ആറ് മതങ്ങളില്‍ മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയതിലെ അതൃപ്തി അറിയിച്ച ഓണക്കൂര്‍ തന്റെ മതം ഇന്ത്യയാണെന്ന് പിന്നീട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തു.
അതേസമയം പൗരത്വ നിയമം മുസ്ലീംങ്ങള്‍ക്ക് എതിരല്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് പക്ഷെ ഇക്കാര്യം കൃത്യമായി ഓണക്കൂറിനെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും ഓണക്കൂറിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ന്യൂനപക്ഷങ്ങളെ കൂടി ലക്ഷ്യമിട്ട് ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ജോര്‍ജ് ഓണക്കൂറിന്റെ വീട്ടില്‍ നിന്ന് ഗൃഹസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിടാന്‍ ബിജെപി സംസ്ഥാന ഘടകം പദ്ധതി തയ്യാറായത്. വാളയാര്‍ സംഭവം മുന്‍ നിര്‍ത്തി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീ നീതി സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് ജോര്‍ജ് ഓണക്കൂറായിരുന്നു. അടുത്ത കാലങ്ങളിലായി ബിജെപി വേദികളിലെ സഹകരണം കൂടി കണക്കിലെടുത്താണ് ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനത്തിന് ജോര്‍ജ് ഓണക്കൂറിന്റെ വീട് തന്നെ തെരഞ്ഞെടുത്തതെന്നാണ് വിവരം.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കടുത്ത വിയോജിപ്പ് തുറന്ന് പറയും വിധം ഇത്തരമൊരു അവസ്ഥ ബിജെപി നേതാക്കള്‍ മുന്നില്‍ കണ്ടിരുന്നില്ലെന്നാണ് സൂചന. ഓണക്കൂറിന്റെ വീട്ടില്‍ നിന്ന് തുടങ്ങി പത്ത് വീടുകളില്‍ ഇന്ന് നിശ്ചയിച്ച സന്ദര്‍ശനം രണ്ട് വീടുകളില്‍ മാത്രമാക്കി ചുരുക്കി അവസാനിപ്പിക്കുകയും ചെയ്തു. സമയക്കുറവ് ചൂണ്ടിക്കാട്ടിയാണ് മന്ത്രി സന്ദര്‍ശനം വെട്ടിച്ചുരുക്കിയത്. കേന്ദ്ര മന്ത്രി എത്തുമെന്ന് നിശ്ചിയിച്ചിരുന്ന വീടുകളില്‍ പിന്നീട് പോയത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ആണ്.