തലപ്പത്തേക്ക് അപ്രതീക്ഷിത നേതാവെത്തുമോ ?; ബിജെപി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കേന്ദ്ര നേതാക്കള്‍ വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2020 12:40 PM  |  

Last Updated: 05th January 2020 12:40 PM  |   A+A-   |  

bjp

 

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ ഈ മാസം 15 ന് ശേഷം കേരളം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പാര്‍ട്ടി പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു, സംഘടന ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവരാണ് അടുത്തദിവസം കേരളത്തിലെത്തുക. ചൊവ്വാഴ്ച സംസ്ഥാന നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും. കേരളത്തിലെ നേതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുകയാണ് കേന്ദ്ര നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വിവിധ മോര്‍ച്ച നേതാക്കളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിനെ നിശ്ചയിക്കുന്നതില്‍ ആര്‍എസ്എസിന്‍രെ നിലപാടും നിര്‍ണ്ണായകമാകും.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. സുരേന്ദ്രനെ വി മുരളീധരന്‍ പക്ഷവും രമേശിനെ പി കെ കൃഷ്ണദാസ് പക്ഷവും ഉയര്‍ത്തിക്കാട്ടുന്നു. നിഷ്പക്ഷ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ശോഭയുടെ പേര് ഉയര്‍ന്നുവരുന്നത്. കുമ്മനം രാജശേഖരന്റെ പേരും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. അധ്യക്ഷനെ സംബന്ധിച്ച് ഐകകണ്‌ഠ്യേന ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. തമ്മിലടി രൂക്ഷമായാല്‍, സുരേഷ്‌ഗോപി അടക്കം പുതിയ നേതാക്കളാരെങ്കിലും പ്രസിഡന്റ് പദവിയില്‍ എത്തുമോ എന്ന ആകാംക്ഷയും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.