'വാളയാർ സഹോദരിമാർക്ക് നീതി വേണം' ; സെക്രട്ടറിയേറ്റിലേക്ക് നീതി യാത്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2020 08:06 AM  |  

Last Updated: 05th January 2020 08:06 AM  |   A+A-   |  

 

കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നീതി യാത്ര  ആരംഭിച്ചു.  പാട്ടു പാടിയും പടം വരച്ചുമെല്ലാം കേരളത്തിന്‍റെ തെരുവുകളില്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്കായി പ്രതിഷേധത്തിന്‍റെ ശബ്ദമുയര്‍ത്തുകയാണ് യാത്രയുടെ ലക്ഷ്യം. ഹൈക്കോടതിക്ക് സമീപത്തുനിന്ന് ആരംഭിച്ച കാല്‍നടയാത്ര ഈ മാസം 22 ന് സെക്രട്ടറിയേറ്റില്‍ എത്തും.

പ്രൊഫ. സാറാ ജോസഫ്, എം എന്‍ കാരശ്ശേരി, സി ആര്‍. നീലകഠ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര. പതിനാറ് ദിവസം കൊണ്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിക്കും വിധമാണ് യാത്രയുടെ ക്രമീകരണം. ജസ്റ്റിസ് കെമാല്‍ പാഷ,മേധാ പട്കര്‍ ,പെരുമാള്‍ മുരുകന്‍ തുടങ്ങി പ്രമുഖരായ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ അണിചേരും.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിനൊപ്പം കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വാളയാര്‍ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് കോടതി വിട്ടയച്ചിരുന്നു.

പ്രോസിക്യൂഷന്റെ പരാജയമാണ് പ്രതികളെ വിട്ടയക്കാൻ കാരണമായതെന്ന് വിമർശനം ഉയർന്നിരുന്നു. പെരിയയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസ് വാദിക്കാൻ സർക്കാർ ഡൽഹിയിൽ നിന്നും മണിക്കൂറിന് ലക്ഷങ്ങൾ മുടക്കി പ്ര​ഗത്ഭ അഭിഭാഷകരെ കൊണ്ടുവന്നപ്പോൾ, വാളയാർ പെൺകുട്ടികളുടെ കേസിൽ മികച്ച പ്രോസിക്യൂട്ടറെ പോലും വെക്കാതെ അലംഭാവം കാണിച്ചെന്നും ആക്ഷേപം ഉയർന്നിരുന്നു.