കാലിക്കുപ്പിയുമായി ബിവറേജസിന് മുന്നില്‍ മദ്യപന്‍മാരുടെ ക്യൂ; അമ്പരപ്പ്, വേണമെങ്കില്‍ 'ഫുള്‍ കുപ്പി' തരാമെന്ന് ജീവനക്കാര്‍

ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കേ,  മദ്യപന്‍മാര്‍ കാലിക്കുപ്പിയുമായി ബിവറേജസ് ഷോപ്പിലേക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കേ,  മദ്യപന്‍മാര്‍ കാലിക്കുപ്പിയുമായി ബിവറേജസ് ഷോപ്പിലേക്ക്. എന്നാല്‍ കാലിക്കുപ്പി സ്വീകരിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല, വേണമെങ്കില്‍ നിറ കുപ്പി തരാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലിയായ മദ്യക്കുപ്പികള്‍ ബിവറേജസ് ഷോപ്പില്‍ വിറ്റ് പണം വാങ്ങാമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കേട്ട പാതി കേള്‍ക്കാത്ത പാതിയാണ് കാലിക്കുപ്പിയുമായി മദ്യപന്‍മാര്‍ ഇറങ്ങിയത്.

ജനുവരി ഒന്നുമുതല്‍ കാലിക്കുപ്പികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് നിര്‍ദേശം ഒന്നും  ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ബിവറേജസ് ഷോപ്പുകളില്‍ കാലിക്കുപ്പികള്‍ ശേഖരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കാനണത്രെ ഇപ്പോള്‍ നീക്കം നടക്കുന്നത്. തുടക്കത്തില്‍ പണം നല്‍കില്ലെന്നാണ് അറിയുന്നത്. പണം ലഭിക്കണമെങ്കില്‍ , കുപ്പികള്‍ ക്ലീന്‍ കേരള കമ്പനിയുടെ ശേഖരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ശേഖരണ കേന്ദ്രങ്ങള്‍ എവിടെയെല്ലാം തുറക്കണമെന്ന് പോലും തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.

കുപ്പികള്‍ ശേഖരിക്കാന്‍ ഹരിതകര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. എന്നാല്‍ അക്കാര്യങ്ങളും ജീവനക്കാരെ അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് ഒന്നുമുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് മദ്യക്കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിയുമായി കോര്‍പ്പറേഷന്‍ കഴിഞ്ഞമാസം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു കിലോ പ്ലാസ്റ്റിക് കുപ്പിക്ക് 15 രൂപ നിരക്കില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിക്കുളളില്‍ നിന്ന് ജനുവരി ഒന്നുമുതല്‍ 3 മാസത്തേക്ക് മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനാണ് കരാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com