ഫ്ലാറ്റുകള്‍ അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ നിലം പൊത്തും ; പൊളിക്കുന്ന സമയത്തില്‍ നേരിയ മാറ്റം ; രാവിലെ എട്ടു മുതൽ നാലു വരെ നിരോധനാജ്ഞ, ​ഗതാ​ഗതം തടയും

ഓരോ ഫ്ലാറ്റിന്റെ പരിധിയിലും 500 പൊലീസുകാരെ വിന്യസിക്കും. 200 മീറ്റർ വിസ്തൃതിയിൽ ജനങ്ങളെ ഒഴിപ്പിക്കും
ഫ്ലാറ്റുകള്‍ അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ നിലം പൊത്തും ; പൊളിക്കുന്ന സമയത്തില്‍ നേരിയ മാറ്റം ; രാവിലെ എട്ടു മുതൽ നാലു വരെ നിരോധനാജ്ഞ, ​ഗതാ​ഗതം തടയും

കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുക അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 10-ാം തീയതി രാവിലെ 11 ന്  ഹോളിഫെയ്ത്ത് എച്ച് ടുഒ ഫ്ലാറ്റ് പൊളിക്കും. അ‍ഞ്ചുമിനുട്ടിന് ശേഷം ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കും. രണ്ടു ഫ്ലാറ്റുകളും അര മണിക്കൂർ വ്യത്യാസത്തിൽ പൊളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം എന്നിവയും പൊളിക്കും.

ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെയോടെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇനി ജെയ്ന്‍ ഫ്‌ളാറ്റിലായിരിക്കും സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയെന്ന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അറിയിച്ചു. ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലായിരിക്കും ഏറ്റവും അവസാനം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുക. ജനുവരി 11, 12 തീയതികളിലാണ് മരടിലെ നാല് ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്.

ഈ ദിവസങ്ങളില്‍ ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.
രാവിലെ എട്ടു മുതൽ നാലു വരെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ഫ്ലാറ്റിന്റെ പരിധിയിലും 500 പൊലീസുകാരെ വിന്യസിക്കും. 200 മീറ്റർ വിസ്തൃതിയിൽ ജനങ്ങളെ ഒഴിപ്പിക്കും. പൊളിക്കുന്നതിന് മുന്നോടിയായി വൈറ്റില-അരൂർ, പേട്ട-തേവര ദേശീയപാതയിൽ ​ഗതാ​ഗതം തടയും. രാവിലെ എട്ടുമണിക്ക് ശേഷം സമീപത്തെ വീടുകളിൽ ആളുകൾ തങ്ങാൻ അനുവദിക്കില്ല. പൊലീസ് വീടുകൾ പരിശോധിക്കും.ആളില്ലെന്ന് ഉറപ്പുവരുത്തും. ഡ്രോണുകളും അനുവദിക്കില്ലെന്ന് കമ്മീഷണർ പറഞ്ഞു.

കായൽ വഴി ആളുകൾ എത്താതിരിക്കാൻ മറൈൻ എൻഫോവ്സ്മെന്റിനെയും നിയോ​ഗിക്കും. സ്‌ഫോടനം കഴിയുമ്പോള്‍ അഗ്‌നിശമന സേന വെള്ളം തളിച്ച് പൊടി നിയന്ത്രിക്കും. റോഡുകള്‍ ശുചിയാക്കുകയും ചെയ്യും. ഇവരുടെ നിര്‍ദേശം ലഭിക്കുന്നതോടെ നിരോധനാജ്ഞ പിന്‍വലിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് വിശദമായ പ്ലാൻ തയ്യാറാക്കിയതായി പൊലീസ് കമ്മീഷണർ അറിയിച്ചു. ജെയിന്‍, കായലോരം എന്നിവ പൊളിക്കുന്ന 12-നും ഇതേ പ്രക്രിയ തുടരും. പത്താം തീയതി മോക് ഡ്രില്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com