ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; സഹികെട്ട് നേരിട്ട് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 02:40 PM  |  

Last Updated: 06th January 2020 02:40 PM  |   A+A-   |  

 

തിരുവനന്തപുരം:നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് നട്ടംതിരിഞ്ഞ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. അവസാനം കുരുക്കഴിക്കാന്‍ മന്ത്രി തന്നെ റോഡില്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചു.

തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് മന്ത്രി റോഡിലിറങ്ങി വാഹനഗതാഗതം നിയന്ത്രിച്ചത്. ട്രാഫിക് പൊലീസിന്റെ പണി മന്ത്രി ഏറ്റെടുത്തത് കണ്ടുനിന്നവരിലും കൗതുകമുണ്ടാക്കി.

തിരക്കേറിയ സമയത്ത് ട്രാഫിക് സിഗ്‌നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. ആകെ ഉണ്ടായിരുന്നത് ഒരു പൊലീസുകാരന്‍ മാത്രം. അനിയന്ത്രിതമായി തിരക്ക് വന്നതോടെ ക്യു കിലോമീറ്ററുകള്‍ നീണ്ടു. കുന്നത്തുകാലില്‍ ഒരു പരിപാടിക്ക് പോകാനിറങ്ങിയതായിരുന്നു മന്ത്രി.

കുരുക്കില്‍ അകപ്പെട്ടതോടെ രണ്ടും കല്‍പ്പിച്ച് മന്ത്രി റോഡിലിറങ്ങുകയായിരുന്നു. എസ്പി വിളിച്ചുചേര്‍ത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാര്‍ട്ട് കീലറും കുരുക്ക് കണ്ട്  സ്വയം ഗതാഗതനിയന്ത്രണത്തിനിറങ്ങി. പൊലീസും ഉണര്‍ന്നതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക് പരിഹരിച്ചു.