റോഡുകള്‍ തോന്നുംപോലെ വെട്ടിപ്പൊളിച്ചാല്‍ ജയിലില്‍ കിടക്കേണ്ടിവരും; ജല അതോറിറ്റിയോട് മന്ത്രി സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2020 07:35 AM |
Last Updated: 06th January 2020 07:35 AM | A+A A- |

കണ്ണൂര്‍: റോഡുകള്‍ വെട്ടിപ്പൊളിക്കുന്ന ജല അതോറിറ്റി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. പിഡബ്ല്യുഡി റോഡുകള്‍ ജല അതോറിറ്റിക്കു തോന്നുമ്പോള്‍ പൊളിക്കാനുള്ളതല്ലെന്നും അതിനു ശ്രമിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും മന്ത്രി തുറന്നടിച്ചു.ഇപ്പോള്‍ പലരും ജയിലില്‍ പോകാത്തതു രണ്ടു വകുപ്പുകളും ഭരിക്കുന്നത് ഒരേ സര്‍ക്കാരായതു കൊണ്ടാണെന്നും ജിസുധാകരന്‍ പറഞ്ഞു.
ശുദ്ധജല പദ്ധതിക്കു പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. റോഡ് പൊളിക്കണമെന്നു ജല അതോറിറ്റി ജീവനക്കാര്‍ പറഞ്ഞാല്‍ ഉടന്‍ അനുമതി കൊടുക്കാന്‍ കഴിയില്ല. പൊതുമരാമത്ത് വകുപ്പിനെതിരെ പ്രസ്താവന കൊടുക്കലാണു ജലഅതോറിറ്റി ജീവനക്കാര്‍ കുറച്ചു ദിവസങ്ങളായി ചെയ്യുന്നത്. പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് അങ്ങനെ കൊടുക്കാന്‍ അറിയാത്തതു കൊണ്ടല്ല.
അതൊക്കെ മന്ത്രിയെന്ന നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം തര്‍ക്കങ്ങളൊക്കെ മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു നടന്നിരുന്നതെന്നും സര്‍ക്കാര്‍ മാറിയത് ഇപ്പോഴും പല ഉദ്യോഗസ്ഥരും അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമാണെന്നും മാധ്യമങ്ങളെക്കൊണ്ടു പറയിപ്പിക്കാനുള്ള ശ്രമമാണ്. ഇവിടെ വകുപ്പുകള്‍ തമ്മില്‍ പ്രശ്‌നമുള്ളതായി ആരും വരുത്തി തീര്‍ക്കേണ്ടെന്നും മന്ത്രി പറഞ്ഞു. 12 മാസം മുന്‍പു തുടങ്ങിയ പാലം പണി പൂര്‍ത്തിയായിട്ടും 2 വര്‍ഷം മുന്‍പു തുടങ്ങിയ തോട്ടട-കുറ്റിക്കകം റോഡ് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. യഥാര്‍ഥ കാരണം എന്താണെന്ന് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.