അമിത് ഷാ വരുന്ന ദിവസം പ്രതിഷേധത്തിനില്ല; യൂത്ത് ലീഗിന്റെ കറുത്ത മതില്‍ വേണ്ടെന്ന് മുസ്ലീം ലീഗ്

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനദിവസം പ്രതിഷേധം വേണ്ടെന്ന് യൂത്ത് ലീഗിനോട് മുസ്ലീം ലീഗ് നേതൃത്വം
അമിത് ഷാ വരുന്ന ദിവസം പ്രതിഷേധത്തിനില്ല; യൂത്ത് ലീഗിന്റെ കറുത്ത മതില്‍ വേണ്ടെന്ന് മുസ്ലീം ലീഗ്


കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനദിവസം പ്രതിഷേധം വേണ്ടെന്ന് യൂത്ത് ലീഗിനോട് മുസ്ലീം ലീഗ് നേതൃത്വം. തിങ്കളാഴ്ച കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് മുസ്ലീം ലീഗിന്റെ തീരുമാനം. ഇക്കാര്യം യൂത്ത് ലീഗ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചതായി പികെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അന്നത്തെ ദിവസത്തെ പ്രതിഷേധം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. മറ്റ് ദിവസങ്ങളില്‍ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

പൗരത്വനിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ ബിജെപി നേതൃത്വം തല്ലിയൊടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അമിത് ഷായുടെ കേരളസന്ദര്‍ശന ദിവസമായ ജനുവരി 15ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ഹില്‍ ഹെലിപാഡ് മുതല്‍ കരിപ്പൂര്‍ വിമാനത്താവളംവരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്താനായിരുന്നു തീരുമാനം. 35കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ ബ്ലാക്ക് വാളില്‍ അണിനിരത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അഭിപ്രായപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്യുന്നവര്‍ക്ക് നേരെ അമിത് ഷായുടെ പൊലീസും ആര്‍എസ്എസ് ഭീകരവാദികളും വലിയ അക്രമമാണ് അഴിച്ചുവിടുന്നത്. ഗുജറാത്ത് മോഡല്‍ കലാപത്തിന് രാജ്യവ്യാപകമായി ആര്‍എസ്എസുകാര്‍ക്ക് ആഹ്വാനം നല്‍കുകയാണ് ഗുജറാത്തിലെ മുന്‍ അഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര അഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ജെഎന്‍യു വിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ഭീകരവാദികളുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിട്ടത്. രാജ്യത്ത് ആകമാനം സമരക്കാര്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലിന് എതിരെയുള്ള പ്രതിഷേധം കൂടിയായിരിക്കും ബ്ലാക്ക് വാളെന്നും യൂത്ത് ലീഗ് പറഞ്ഞു.

ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com