എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ പ്രമേയം പാസാക്കാത്തത്?; 'അമരീന്ദറിനെ ഞാനൊന്നും പറയില്ല; പൗരത്വനിയമത്തില്‍ കോണ്‍ഗ്രസിന്റെത് ഒളിച്ചുകളിയെന്ന് പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 06:08 PM  |  

Last Updated: 07th January 2020 08:48 AM  |   A+A-   |  

pinarayi-vijayan_730x419

 

 കോഴിക്കോട്‌: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിന്  ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
 പൗരത്വ നിയമഭേദഗതിക്കെതിരാണ് കോണ്‍ഗ്രസെങ്കില്‍, പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് പ്രതിഷേധം ഉയരാത്തതെന്ന് പിണറായി ചോദിച്ചു. കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് ബ്രിഗേഡ് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു പിണറായി.

നിയമത്തിനതിരെ ശക്തമായി പ്രതികരിച്ച ഒരേയൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മാത്രമാണ്. എന്തുകൊണ്ടാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മുഖ്യമന്ത്രിമാര്‍ നിശബ്ദരാകുന്നത്. എന്തിനാണ് അവര്‍ ഇങ്ങനെ  ഒളിച്ചുകളിക്കുന്നതെന്ന് പിണറായി ചോദിച്ചു. പൗരത്വനിയമഭേദഗതിക്കെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരെ രംഗത്തെത്തിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിക്കാര്‍ക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചതായും പിണറായി പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് തന്നെയാണ് പൗരത്വനിയമഭേദഗതിയിലും സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന് ഉറച്ച ബോധ്യമുണ്ടെങ്കില്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രമേയം പാസാക്കാന്‍ നിയമസഭ തയ്യാറാവണമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും യോജിച്ച സമരവുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ തകര്‍ക്കുന്ന സമീപനമാണ് കെപിസിസി പ്രസിഡന്റ് സ്വീകരിക്കുന്നത്. സംയുക്ത സമരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജെഎന്‍യുവിലെ അക്രമം രാജ്യമാകെ ജാഗ്രതയോടെ കാണണമെന്നും പിണറായി പറഞ്ഞു. അക്രമത്തെ അപലപിക്കാന്‍ ഭരണാധികാരികള്‍ തയാറാകാത്തത് അതീവഗൗരവതരമാണ്. ആര്‍എസ്എസ് ഹുങ്ക് അംഗീകരിക്കില്ലെന്ന് മതനിരപേക്ഷകക്ഷികള്‍ ഒന്നിച്ചുനിന്ന് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.