ക്യാമ്പസുകളില്‍ കലാപമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിത ശ്രമം; പിന്നില്‍ ഇടതുപക്ഷ, കോണ്‍ഗ്രസ്, തീവ്രവാദ സംഘടിത സംഘം: വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 10:07 AM  |  

Last Updated: 06th January 2020 10:07 AM  |   A+A-   |  


 

തിരുവനന്തപുരം: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമം ഇടതുപക്ഷ, കോണ്‍ഗ്രസ്, തീവ്രവാദ സംഘടനകള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജെഎന്‍യുവിലെ അക്രമം ആസൂത്രിതമാണ്. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമാണ് എന്ന ധാരണ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ഇടതുപക്ഷ, തീവ്രവാദ, കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥികള്‍ സംഘടിതമായി നടത്തിയതാണ് അക്രമം. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുവരികയാണ്, അതുള്‍പ്പെടെ സര്‍വകലാശാലയിലെ സാധാരണ നിലയിലുള്ള  പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്- വി മുരളീഝരന്‍ പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളില്‍ അക്രമം അഴിച്ചുവിട്ടതിന് ശേഷം അക്രമത്തിന് ഇരയായവരെ അക്രമികളാക്കി മുദ്രകുത്തുന്ന രീതിയാണ് ഇടതുപക്ഷത്തിനുളളത്. അതേ രീതിയാണ് ജെഎന്‍യുവിലും നടപ്പാക്കിയതെന്നും മുരളീധരന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യതനര വകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ വരും.- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉടനെ കണ്ടെത്തുമെന്നും മണ്ഡലം തലംമുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷനെക്കുറിച്ചുള്ള സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.