ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി ; വിചാരണ 28 മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 12:15 PM  |  

Last Updated: 06th January 2020 12:15 PM  |   A+A-   |  

dileep


 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി. ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്. പ്രതികളെയെല്ലാം കോടതി കുറ്റം വായിച്ചുകേള്‍പ്പിച്ചു. കേസില്‍ ഈ മാസം 28 ന് വിചാരണ തുടങ്ങും. കേസില്‍ രഹസ്യവിചാരണയാണ് നടക്കുക.

കോടതിയില്‍ നേരിട്ട് ഹാജരായ ദിലീപ്,  കുറ്റം നിഷേധിച്ചു. പൊലീസ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് ദിലീപ് കോടതിയില്‍ ആവര്‍ത്തിച്ചത്. 12 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.  

ദീലീപ് നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2012 ല്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ആദ്യ ഗൂഢാലോചന നടന്നത്. പിന്നീട് തൃശൂരിലെ സിനിമാസെറ്റില്‍ വെച്ചും രണ്ടാമത്തെ ഗൂഡാലോചന നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതും ദിലീപിന്‍രെ നിര്‍ദേശപ്രകാരമാണെന്നാണ് പ്രോസിക്യൂഷന്റെ കേസ്.

കേസിലെ സാക്ഷി വിസ്താരത്തിന്റെ ഷെഡ്യൂള്‍ കോടതി നാളെ തീരുമാനിക്കും. ഇതിന്റെ ഭാഗമായി കേസിലെ എല്ലാ കക്ഷികളുടെയും അഭിപ്രായം കോടതി തേടി. കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ ദിലീപ് കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. ജൂണ്‍മാസത്തില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് പ്രത്യേക കോടതി തീരുമാനം.