നീരാളി ബിരിയാണി, നീരാളി പൊരിച്ചത്... കടല്‍വിഭവങ്ങളുടെ രുചിക്കൂട്ടുമായി സിഎംഎഫ്ആര്‍ഐയില്‍ ഭക്ഷ്യമേള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2020 10:13 AM  |  

Last Updated: 06th January 2020 10:13 AM  |   A+A-   |  

നീരാളി- ഫയല്‍ ചിത്രം

 


കൊച്ചി: നീരാളി ബിരിയാണി, നീരാളി പൊരിച്ചത്, കല്ലുമ്മക്കായ നിറച്ച് പൊരിച്ചത്, ചെമ്മീന്‍-കൂന്തല്‍-ഞണ്ട് രുചിക്കൂട്ടുകള്‍, ജീവനുള്ള കടല്‍ മുരിങ്ങ... കടല്‍ വിഭവങ്ങളുടെ സ്വാദറിയാന്‍ കൊച്ചിയിലേക്ക് പോന്നോളൂ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (സി എം എഫ് ആര്‍ ഐ) ആണ് ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തെ കടല്‍ വിഭവങ്ങളുടെ ഭക്ഷ്യമേള സിഎംഎഫ്ആര്‍ഐയില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കടല്‍ വിഭവങ്ങളുടെ മേളയില്‍ വൈവിധ്യമായ ഭക്ഷ്യവിഭവങ്ങള്‍ക്കൊപ്പം കൃഷിയിടങ്ങളില്‍ നിന്നും നേരിട്ടെത്തിച്ച പിടയ്ക്കുന്ന മീനുകളും അലങ്കാരമല്‍സ്യങ്ങളും ലഭ്യമാകും. സമുദ്ര മത്സ്യ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എം.ബി.എ.ഐ.) സംഘടിപ്പിക്കുന്ന മൂന്നാമത് രാജ്യാന്തര സിമ്പോസിയത്തിന്റെ (മീകോസ്-3) ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഭക്ഷ്യമേള ഒരുക്കുന്നത്.

നീരാളിയുടെ ബിരിയാണി, പുട്ട്, റോസ്റ്റ്, മൊമൊ തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ ലഭിക്കും. അനേകം പോഷകങ്ങള്‍ അടങ്ങിയ കടല്‍ഭക്ഷ്യവിഭവമാണ് നീരാളി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഇവ ആവശ്യത്തിന് ലഭ്യമല്ല. ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള നീരാളി ഭക്ഷ്യവിഭവം അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഉത്തമമാണ്.

കല്ലുമ്മക്കായ കൊണ്ടുള്ള വിഭവങ്ങളും മേളയിലുണ്ടാകും. കല്ലുമ്മക്കായ നിറച്ച് പൊരിച്ചത്, കൂന്തല്‍ റോസ്റ്റ്, ചെമ്മീന്‍ ബിരിയാണി തുടങ്ങിയ വിഭവങ്ങളും ആസ്വദിക്കാം. ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്നുള്ള വൈവിധ്യമായ മീന്‍ വിഭവങ്ങളും മേളയില്‍ ലഭിക്കും. ഔഷധമൂല്യമുള്ള കടല്‍മുരിങ്ങ ജീവനോടെ കഴിക്കാനും മേളയില്‍ അവസരമുണ്ട്. പാകം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ കഴുകി ശുദ്ധീകരിച്ച നല്ലയിനം ഞണ്ടിറച്ചിയും മേളയില്‍ ലഭിക്കും.

ഉച്ചയ്ക്ക് 12 മുതലാണ് ഭക്ഷ്യമേള തുടങ്ങുക. രാത്രി എട്ടു വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.