പരീക്ഷകൾ മാറ്റി; പൊതു പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ശബരിമല തീർത്ഥാടകരെ ബാധിക്കില്ല
By സമകാലിക മലയാളം ഡെസ്ക് | Published: 07th January 2020 07:26 AM |
Last Updated: 07th January 2020 07:26 AM | A+A A- |
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ. ശബരിമല തീർത്ഥാടകരെ പണിമുടക്ക് ബാധിക്കില്ല. കൊച്ചി മെട്രോ സർവീസ് നടത്തും. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുമെന്നും സമിതിക്കു നേതൃത്വം നൽകുന്ന സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും പറഞ്ഞു.
സിഐടിയു, ഐഎൻടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി (ജെ), കെടിയുസി (എം), ഐഎൻഎൽസി, എൻഎൽസി, എൻഎൽഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തിൽ പണിമുടക്കിനു നേതൃത്വം നൽകുന്നത്. രാജ്യ വ്യാപകമായി 25 കോടി ആളുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ ഡൽഹിയിൽ അറിയിച്ചു.
കേരള, എംജി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കാലടി, കാലിക്കറ്റ് സർവകലാശാലകളിൽ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.