സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനും എംടി രമേശിനും മുൻതൂക്കം; ബിജെപി നേതൃ യോഗം ഇന്ന് കൊച്ചിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 07th January 2020 07:09 AM |
Last Updated: 07th January 2020 07:09 AM | A+A A- |

ശോഭ സുരേന്ദ്രൻ, എംടി രമേശ്, കെ സുരേന്ദ്രൻ (ഫയൽ ചിത്രം)
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര നേതാക്കളും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുന്ന യോഗം ഇന്ന്. കൊച്ചിയിലാണ് യോഗം ചേരുന്നത്. മുൻകൂട്ടി അജൻഡ നൽകാതെയാണു കേന്ദ്ര നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിരിക്കുന്നത്. പ്രസിഡന്റിനെ കണ്ടെത്തുക എന്ന ഒറ്റ വിഷയം മാത്രമാകും ചർച്ച.
ദേശീയ വക്താവ് ജിവിഎൽ നരസിംഹറാവു,സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവർ യോഗം നിയന്ത്രിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച കേന്ദ്ര നിർദേശം ഇവർ അവതരിപ്പിക്കും. പുതിയ അധ്യക്ഷനായി പൊതു അഭിപ്രായം ഉയരുന്നില്ലെങ്കിൽ താത്പര്യമുള്ള നേതാക്കളുടെ പേര് എഴുതി നൽകാൻ നിർദേശിക്കും. യോഗത്തിന് ശേഷം കേന്ദ്ര നേതാക്കൾ ആർഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. പുതിയ പ്രസിഡന്റിനെ ഡൽഹിയിലായിരിക്കും പ്രഖ്യാപിക്കുക.
15നു ശേഷം കേരളത്തിലെ പൗരത്വ നിയമ അനുകൂല റാലിയിൽ പങ്കെടുക്കുന്ന അമിത് ഷായ്ക്കൊപ്പം വേദി പങ്കിടാൻ പുതിയ സംസ്ഥാന പ്രസിഡന്റും കാണുമെന്നു നേതാക്കൾ വ്യക്തമാക്കി. പ്രസിഡന്റ് പദത്തിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്കാണു മുൻതൂക്കം. സുരേന്ദ്രൻ മുരളീധര പക്ഷക്കാരനും എംടി രമേശ്, കൃഷ്ണദാസ് പക്ഷക്കാരനുമാണ്. മറ്റൊരു ജനറൽ സെക്രട്ടറിയായ എഎൻ രാധാകൃഷ്ണനെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. ശോഭാ സുരേന്ദ്രനും പരിഗണിക്കപ്പെട്ടേക്കാം.
ഇവർ നാലുമല്ലെങ്കിൽ മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവരെ പരിഗണിച്ചേക്കാം. അതേസമയം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ബിജെപി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഒൻപതിന് നടക്കും.