'അവിടെ കല്യാണ വാദ്യഘോഷം, ഇവിടെ പാലുകാച്ചൽ'; പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സം​ഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാൻ സിഐഒ

By സമകാലിക മലയാളം ഡ‍െസ്ക്  |   Published: 07th January 2020 09:36 AM  |  

Last Updated: 07th January 2020 09:36 AM  |   A+A-   |  

toni

 

തിരുവനന്തപുരം: 'അവിടെ കല്യാണ വാദ്യഘോഷം, ഇവിടെ പാലുകാച്ചൽ...ഒടുവിൽ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് ആശുപത്രിയിലായി.  ഡോക്ടർമാർ, ഓപ്പറേഷൻ, ഓപ്പറേഷൻ, ഡോക്ടർമാർ.....' 24 മണിക്കൂർ പണിമുടക്കിനു പിറ്റേന്നു കൊച്ചിയിൽ സർക്കാർ നടത്തുന്ന അസെൻഡ് നിക്ഷേപ സംഗമത്തെക്കുറിച്ചു നിസാൻ മോട്ടർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ (സിഐഒ) ടോണി തോമസിന്റെ ഫെയ്സ്ബുക് പോസ്റ്റിലെ വരികളിങ്ങനെ. ഒരു വശത്തു നിക്ഷേപ സംഗമമെങ്കിൽ മറ്റൊരു വശത്തു നിക്ഷേപകരെ തളർത്തുന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പങ്കെടുക്കുന്ന നിക്ഷേപകർ ഭക്ഷണപ്പൊതി കൈയിൽ വച്ച് അറബിക്കടൽ നീന്തി വരുമോയെന്നായിരുന്നു ടോണിയുടെ പരിഹാസം. 9,10 തീയതികളിലാണു കൊച്ചിയിൽ നിക്ഷേപക സംഗമം. അതിനു പിറ്റേന്നാണു മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ലൈറ്റുകൾക്കു നിയന്ത്രണവുമുണ്ട്.  മഴയില്ലാത്തപ്പോൾ മാത്രം പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം ഇപ്പോൾ വെയിലുള്ളപ്പോഴും പ്രവർത്തിക്കുന്നില്ലത്രേ.

സംഗമത്തിനെത്തുന്നവർ ഇവിടെ നിക്ഷേപം നടത്താൻ പറ്റിയ സ്ഥലമല്ല എന്നു നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളിലേക്കു പോകട്ടെ എന്നാവും മീറ്റിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറയുന്നു.