ആദ്യം വിസ്തരിക്കുക യുവനടിയെ ; സാക്ഷി വിസ്താരം 30 മുതല്‍ ; പരിശോധനാഫലം വരുംവരെ വിചാരണ പാടില്ലെന്ന് ദിലീപ് ; പുതിയ ഹര്‍ജി

കേസില്‍ വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകവെ, പുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും രംഗത്തെത്തി
ആദ്യം വിസ്തരിക്കുക യുവനടിയെ ; സാക്ഷി വിസ്താരം 30 മുതല്‍ ; പരിശോധനാഫലം വരുംവരെ വിചാരണ പാടില്ലെന്ന് ദിലീപ് ; പുതിയ ഹര്‍ജി

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ആദ്യഘട്ട സാക്ഷി വിസ്താരം ഈ മാസം 30 മുതല്‍ ഏപ്രില്‍ 7 വരെ നടക്കും. കൊച്ചിയിലെ വിചാരണക്കോടതിയാണ് സാക്ഷി വിസ്താരത്തിനുള്ള തീയതികള്‍ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് കോടതി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും അഭിപ്രായം ആരാഞ്ഞിരുന്നു.

വിസ്താരം സംബന്ധിച്ചു പ്രോസിക്യൂഷനും പ്രതിഭാഗവും വ്യത്യസ്ത തീയതികള്‍ പറഞ്ഞതോടെയാണ് കോടതി നേരിട്ടു തീയതി നിശ്ചയിച്ചത്. കേസിലെ ഒന്നാം സാക്ഷിയായ യുവനടിയെയാണ് ആദ്യം വിസ്തരിക്കുന്നത്. അടച്ചിട്ട മുറിയിലാണു കേസിലെ നിര്‍ണായക സാക്ഷികളെ വിസ്തരിക്കുക. പ്രതികളായ നടന്‍ ദിലീപ്, പള്‍സര്‍ സുനി (സുനില്‍കുമാര്‍) തുടങ്ങി മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാവും.

കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ച സാക്ഷി പട്ടികയില്‍ 359 പേരുണ്ട്. ഇവരെ മുഴുവന്‍ വിസ്തരിക്കില്ല. പ്രോസിക്യൂഷന്‍ നിശ്ചയിക്കുന്ന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം പ്രതിഭാഗം ആവശ്യപ്പെടുന്ന സാക്ഷികളെ വിസ്തരിക്കും. വിചാരണയുടെ ഭാഗമായി 616 രേഖകളും 250 തൊണ്ടി മുതലുകളും കോടതി പരിശോധിക്കും.  

2017 ഫെബ്രുവരി 17നു രാത്രിയാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി അടക്കമുള്ളവര്‍ അറസ്റ്റിലായി. പിന്നീട് പൊലീസിന് കേസിന് പിന്നിലെ ക്വട്ടേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും, തുടര്‍ന്ന് ജൂലൈ 10 ന് ക്വട്ടേഷന്‍ നല്‍കിയ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മേയ് മാസത്തില്‍ ജയിലില്‍ നിന്നു പ്രതികള്‍ ദിലീപിനെ നേരിട്ടു ബന്ധപ്പെടാന്‍ ശ്രമിച്ചതിനുള്ള തെളിവുകള്‍ പൊലീസിനു ചോര്‍ന്നു കിട്ടിയതോടെയാണു അന്വേഷണത്തിന്റെ ദിശമാറിയത്.

അതിനിടെ കേസില്‍ വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകവെ, പുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും രംഗത്തെത്തി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ പരിശോധനാഫലം ലഭിക്കുനന്തുവരെ സാക്ഷി വിസ്താരം നിര്‍ത്തിവെക്കണമെന്നാണ് ദിലീപ് വിചാരണകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വിചാരണക്ക് മുന്നോടിയായി കോടതി ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റം വായിച്ചുകേള്‍പ്പിക്കുകയും, ഇവരുടെ മേല്‍ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com