മുത്തൂറ്റില്‍ പ്രകോപനമുണ്ടാക്കുന്നത് മാനേജ്‌മെന്റ്; കല്ലെറിഞ്ഞത് തൊഴിലാളികള്‍ അല്ലെന്ന് തൊഴില്‍ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 11:05 AM  |  

Last Updated: 07th January 2020 11:05 AM  |   A+A-   |  

tp_ramakrishnan

 

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ആണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറെ ആക്രമിച്ചത് തൊഴിലാളികളാണെന്നു കരുതുന്നില്ലെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുത്തൂറ്റിലെ തൊഴില്‍ തര്‍ക്കം നേരത്തെ ഒത്തുതീര്‍പ്പ് ആയതാണ്. സര്‍ക്കാരും മാനേജ്‌മെന്റുമെല്ലാം ചര്‍ച്ച ചെയ്താണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്കു രൂപം നല്‍കിയത്. എന്നാല്‍ സമരം പിന്‍വലിച്ചതിനു ശേഷം ഇവ നടപ്പാക്കുന്നതില്‍നിന്ന് പിന്നാക്കം പോവുകയാണ് മാനേജ്‌മെന്റ് ചെയ്തത്. സമരം ചെയ്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ് മാനേജ്‌മെന്റ്. പ്രകോപനപരമായ നിലപാടു സ്വീകരിക്കുന്നത് മാനേജ്‌മെന്റ് ആണ്. മാനേജ്‌മെന്റ് നിലപാടു മാറ്റിയാല്‍ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.

മുത്തൂറ്റ് മാനേജ്‌മെന്റ് മാധ്യമപ്രവര്‍ത്തകരോടു പോലും എങ്ങനെയാണ് പെരുമാറിയതെന്ന് എല്ലാവരും കണ്ടതാണെന്ന് മന്ത്രി പറഞ്ഞു. അപ്പോള്‍ പിന്നെ സര്‍്ക്കാരിനോട് എങ്ങനെയാണ് പെരുമാറിയത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. താന്‍ അത് അനുഭവിച്ച ആളാണ്. സര്‍ക്കാരിനെ ഒരു വിലയും കല്‍പ്പിക്കാതെയാണ് കമ്പനിയുടെ പെരുമാറ്റം. എങ്കിലും പ്രതികാരമനോഭാവത്തോടെയല്ല സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. തൊഴിലാളികളും മാനേജ്‌മെന്റും സഹകരിച്ചു പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

മുത്തൂറ്റ് എംഡിക്കു നേരെ ആക്രമണം ഉണ്ടായത് വാര്‍ത്തകളില്‍നിന്ന് അറിഞ്ഞു. അത് ചെയ്തത് തൊഴിലാളികള്‍ ആണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെ. മുത്തൂറ്റ് കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.