വേണമെങ്കില്‍ ഓവര്‍ടേക്ക് ചെയ്തു വരാന്‍ കണ്ടക്ടര്‍; 30 കിലോമീറ്റര്‍ ചെയ്‌സ് ചെയ്ത് 'മിന്നലിനെ പിടികൂടി' അധ്യാപിക, പാഞ്ഞത് ചുരത്തിലെ കൊടും വളവുകളില്‍ കൂടി

റിസര്‍വ് ചെയ്ത് കാത്തുനിന്നിട്ടും നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസിനെ 'ചെയ്‌സ് ചെയ്ത്' പിടിച്ച് അധ്യാപിക
വേണമെങ്കില്‍ ഓവര്‍ടേക്ക് ചെയ്തു വരാന്‍ കണ്ടക്ടര്‍; 30 കിലോമീറ്റര്‍ ചെയ്‌സ് ചെയ്ത് 'മിന്നലിനെ പിടികൂടി' അധ്യാപിക, പാഞ്ഞത് ചുരത്തിലെ കൊടും വളവുകളില്‍ കൂടി

കല്‍പ്പറ്റ: റിസര്‍വ് ചെയ്ത് കാത്തുനിന്നിട്ടും നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസിനെ 'ചെയ്‌സ് ചെയ്ത്' പിടിച്ച് അധ്യാപിക. മുപ്പത് കിലോമീറ്റര്‍ കൊടുംവളവുകളുള്ള വയനാട് ചുരത്തിലൂടെ കല്‍പ്പറ്റയില്‍ നിന്ന് അടിവാരം വരെ കാറില്‍ പിന്തുടര്‍ന്നതിന് ശേഷമാണ് അധ്യാപികയ്ക്ക് ബസ് പിടിക്കാനായത്.

തോണിച്ചല്‍ സ്വദേശിനിയും വെള്ളമുണ്ട എയുപി സ്‌കൂളിലെ അധ്യാപികയുമായ വിഎം റോഷ്‌നിക്കാണ് ബസ് ജീവനക്കാരുടെ പിടിവാശി കാരണം മുപ്പത് കിലോമീറ്റര്‍ കാറില്‍ പിന്തുടരേണ്ടിവന്നത്.

ബസ് നിര്‍ത്തുന്ന സ്ഥലവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായ മകന്‍ സൗരവിന് വേണ്ടിയാണ് റോഷ്‌നി ബത്തേരി-തിരുവനന്തപുരം മിന്നല്‍ ബസ് വെള്ളിയാഴ്ച ബുക്ക് ചെയ്തത്. 10.25നുള്ള ബസിനായി 9.30ന് തന്നെ കല്‍പ്പറ്റയിലെത്തിയെന്ന് റോഷ്‌നി പറയുന്നു. ബസ് എത്തുന്ന കൃത്യസമയം അറിയാനായി 10.19മുതല്‍ കണ്ടക്ടറുടെ ഫോണില്‍ പലതവണ വിളിച്ചെങ്കിലും എടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

10.31ന് ഫോണെടുത്ത കണ്ടക്ടര്‍ ബസ് നിര്‍ത്തുന്നത് പഴയ സ്റ്റാന്‍ഡിലാണെന്നും അവിടെ എത്തണമെന്നും ആവശ്യപ്പെട്ടു. പുതിയ സ്റ്റാന്‍ഡില്‍ നിന്ന് പഴയ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസ് അവിടെ നിന്ന് പുറപ്പെട്ടു. തൊട്ടുപിന്നാലെ കാറിലുണ്ടെന്നും നിര്‍ത്താമോയെന്ന് ചോദിച്ചപ്പോള്‍ അടുത്ത സ്‌റ്റോപ്പായ താമരശ്ശേരിയില്‍ എത്തുകയോ ബസിനെ ഓവര്‍ ടേക്ക് ചെയ്യുകയോ വേണമെന്നായിരുന്നു മറുപടി.

ശരവേഗത്തില്‍ പാഞ്ഞ ബസിന് പിന്നാലെ പോവുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി പിന്നാലെ കൂടിയിട്ടും ബസ് നിര്‍ത്തിയില്ല. ഒടുവില്‍ അടിവാരത്തെത്തിയപ്പോഴാണ് ബസിനെ മറികടക്കാനായത്. ബസ് ജീവനക്കാര്‍ക്ക് എതിരെ കെഎസ്ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com