സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറൂ, പ്രായത്തിനൊത്ത പക്വതയും കാര്യ ഗൗരവവും കാണിക്കു; ഡിവൈഎഫ്ഐ പ്രവർത്തകരോട് ഹൈക്കോടതി

ഫോണിൽ ഭീഷണിപ്പെടുത്തി, ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്
സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറൂ, പ്രായത്തിനൊത്ത പക്വതയും കാര്യ ഗൗരവവും കാണിക്കു; ഡിവൈഎഫ്ഐ പ്രവർത്തകരോട് ഹൈക്കോടതി

കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ വാടാനപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണു ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പരാമർശം. ജാഫർ സാദിഖ് തങ്ങൾ, എഎം ഫഹദ്, എഎസ് സാബിത്ത്, എഎസ് ശ്രീജിത്ത്, സദ്ദാം ഹുസൈൻ എന്നിവരാണു മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

ഫോണിൽ ഭീഷണിപ്പെടുത്തി, ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. പ്രതികളും പരാതിക്കാരിയും ചെറുപ്പമാണെന്നും പ്രായത്തിനൊത്ത പക്വതയും കാര്യ ഗൗരവവും കാണിക്കണമെന്നും കോടതി പറഞ്ഞു.

പിന്നോക്ക, ദുർബല വിഭാഗങ്ങളുടെ പേരിൽ അധര വ്യായാമം നടത്തിയിട്ടു മാത്രം കാര്യമില്ല. പ്രവർത്തനം വിരുദ്ധമായാൽ ദുർബല വിഭാഗങ്ങൾക്കു സാമൂഹിക, ജനാധിപത്യ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്നു കോടതി പറഞ്ഞു.

ഹർജിക്കാരിൽ ചിലരെ പിന്നീടു പ്രതിപ്പട്ടികയിൽ നിന്നു നീക്കിയിരുന്നു. ബാക്കിയുള്ളവർക്ക് എതിരെയുള്ളതു ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com