തമിഴ്‌നാട്ടിലെ തേയിലത്തോട്ടത്തില്‍ നിന്ന് 17കാരിയുടെ മൃതദേഹം കണ്ടെത്തി; ദേഹമാസകലം കുത്തേറ്റ നിലയില്‍; ദാരുണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2020 09:58 AM  |  

Last Updated: 08th January 2020 09:58 AM  |   A+A-   |  

eva

 

കൊച്ചി; ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ കലൂര്‍ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയില്‍ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു ശരീരം. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സഫര്‍ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 
കലൂര്‍ സ്വദേശിനിയായ ഇവയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇവയെ കൊന്ന് കാട്ടില്‍ തള്ളിയതായി സമ്മതിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലക്കുടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കാറിലാണ് പെണ്‍കുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പര്‍ ലഭിച്ചത് പ്രതിയെ പിടികൂടാന്‍ സഹായകമായി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി അതിരപ്പിളളി റൂട്ടില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.അതിനിടെയാണ് മലക്കപ്പാറയില്‍ വച്ച് കാറില്‍ ഒരു പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടതായുളള വിവരം പൊലീസിന് ലഭിച്ചത്. ഇതനുസരിച്ച് തമിഴ്‌നാട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് തമിഴ്‌നാട് ഭാഗത്തുളള മലക്കപ്പാറയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ കാറില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല.കാറിനകത്തെ രക്തക്കറ കണ്ട് സംശയം തോന്നിയ പൊലീസ് സഫറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്. തമിഴ്‌നാട് ഭാഗത്തുളള മലക്കപ്പാറയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയതായി യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ബന്ധം അവസാനിപ്പിച്ചതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.