'നിലമ്പൂരില്‍ എസിയിട്ട കാറില്‍ വന്നുപോകുന്നതല്ലാതെ അവിടെ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിനറിയില്ല; അറിവില്ലാത്തതിനാല്‍ പറഞ്ഞതാവാം'; കളക്ടര്‍ക്ക് അന്‍വറിന്റെ മറുപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2020 05:36 PM |
Last Updated: 08th January 2020 05:46 PM | A+A A- |

മലപ്പുറം: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിക്ക് എംഎല്‍എ തടസം നില്‍ക്കുന്നുവെന്ന കളക്ടറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പിവി അന്‍വര്‍. നിലമ്പൂരില്‍ എസിയിട്ട കാറില്‍ വന്നുപോകുന്നതല്ലാതെ അവിടെ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിനറിയില്ലെന്നും അദ്ദേഹം അറിവില്ലാത്തിനാല്‍ പറഞ്ഞുപോയതാവുമെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലമ്പൂരില്‍ ഒരിടത്തും ഒരു ഭൂമിയും റീ ബില്‍ഡ് നിലമ്പൂരിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. പ്രളയവുമായി ബന്ധപ്പെട്ട് ആളുകളെ സഹായിക്കാന്‍ തയ്യാറാക്കിയതാണ് റീ ബില്‍ഡ് നിലമ്പൂര്‍. സഹായം തരാന്‍ തരാന്‍ തയ്യാറായവരെ കൂട്ടിയിണക്കുകമാത്രമാണ് റീ ബില്‍ഡ് നിലമ്പൂര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ തന്നെ നേരിട്ട് സഹായം നല്‍കുന്നതാണ് രീതി. ഇതുവരെ റീബില്‍ഡ് രണ്ട് വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. ഈ മാസം പതിനൊന്നാം തിയ്യതി മൂന്ന് വീടുകള്‍ കൂടി കൈമാറും. ഇപ്പോള്‍ 26 വീടുകളുടെ പണി പുരോഗമിക്കുന്നതായും അന്‍വര്‍ പറഞ്ഞു.
വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാമെന്ന് പറഞ്ഞ് നിരവധി പേരാണ് ഞങ്ങളെ സഹായിച്ചത്. വീട് നിര്‍മ്മിക്കാനുള്ള ഭുമി കണ്ടെത്തിയാല്‍ മാത്രമെ അവര്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുക്കാനാവുകയുള്ളു. അവിടെ നല്ല രീതിയില്‍ പണി പുരോഗമിക്കുയാണ്. എന്നിട്ടും കാര്യങ്ങള്‍ അറിയാത്ത പോലെയാണ് കളക്ടര്‍ സംസാരിക്കുന്നത്.നിലമ്പൂരില്‍ എസിയിട്ട കാറില്‍ വന്നുപോകുന്നതല്ലാതെ അവിടെ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിനറിയില്ല. നാട്ടില്‍ നടക്കുന്നത് എന്താണെന്ന് അറിവില്ലാത്തതിനാല്‍ അദ്ദേഹം പറഞ്ഞുപോയതാവാമെന്നും അന്‍വര്‍ പറഞ്ഞു.
ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങള്‍ക്കായുളള വീടു നിര്‍മ്മാണം പി വി അന്‍വര്‍ തടഞ്ഞെന്നായിരുന്നു കളക്ടറുടെ ആരോപണം. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ അന്‍വര്‍ രൂക്ഷപ്രതികരണം നടത്തിയതിന് പിന്നാലെയാണ് മറുപടിയുമായി കളക്ടര്‍ രംഗത്തെത്തിയത്.
'ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു മാതൃക ടൗണ്‍ ഷിപ്പ് പദ്ധതിയാണ് എംഎല്‍എ തടഞ്ഞത്. ആദിവാസി സഹോദരങ്ങള്‍ക്ക് പാര്‍പ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിര്‍ത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഭവന നിര്‍മാണം തടയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും . ഒരു ഏജന്‍സി യുടെ സി എസ്ആര്‍ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയില്‍ ഇത്തരം സഹായങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഒരു തരത്തിലും അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല' കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'എന്നെ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റില്‍ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്, ക്യാബിനറ്റ് എന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ സ്ഥാനമൊഴിയാന്‍ ഞാന്‍ ബാധ്യസ്ഥനും തയ്യാറുമാണ് . ഞാന്‍ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്. ഞാന്‍ പൊതു പണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിര്‍ദ്ദേശങ്ങളില്‍ എനിക്ക് സഹകരിക്കാന്‍ കഴിയില്ല.' കളക്ടര്‍ കുറിച്ചു.