അനുവാദമില്ലാതെ സംരക്ഷിതവനത്തിലൂടെ ജീപ്പില്‍ സാഹസികയാത്ര; വ്‌ളോഗര്‍ സുജിത് ഭക്തനെതിരെ കേസ്

ജനുവരി മൂന്നിനാണ് കാട്ടിൽ നിന്നുള്ള ദ‌ൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ വ്ലോഗര്‍ സുജിത് ഭക്തന്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്തത്
അനുവാദമില്ലാതെ സംരക്ഷിതവനത്തിലൂടെ ജീപ്പില്‍ സാഹസികയാത്ര; വ്‌ളോഗര്‍ സുജിത് ഭക്തനെതിരെ കേസ്

കൊച്ചി; സംരക്ഷിത വനമേഖലയില്‍ കയറി വിഡിയോ ചിത്രീകരിച്ചതിന് പ്രശസ്ത വ്‌ളോഗര്‍ സുജിത് ഭക്തനെതിരെ കേസ്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും, പൂയംകുട്ടി റേഞ്ചിലും കയറി വിഡിയോ ചിത്രീകരിച്ചതിനുമാണ് വനംവകുപ്പ് കേസെടുത്തത്. സുജിത്തിനെ കൂടാതെ അഞ്ച് പേരെ പ്രതിചേർത്തു. ദൃശ്യങ്ങളിലുള്ള രണ്ട് ജീപ്പുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ജനുവരി മൂന്നിനാണ് കാട്ടിൽ നിന്നുള്ള ദ‌ൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ വ്ലോഗര്‍ സുജിത് ഭക്തന്‍ തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അപ്‌ലോഡ് ചെയ്തത്. ഇഞ്ചത്തോട് ഫോറസ്റ്റ് റേഞ്ച് പരിധിയിലും പൂയംകുട്ടി സംരക്ഷിത മേഖലയിലും നടത്തുന്ന സാഹസിക യാത്രയാണ് വിഡിയോയിലുള്ളത്. വാഹനങ്ങൾ കൊണ്ടുപോകാൻ അനുമതിയില്ലാത്ത ക്ണാച്ചേരി അമ്പലത്തിന്റെ ഭാ​ഗത്തേക്ക് ജീപ്പിൽ പോകുന്നതും പാറപ്പുറത്ത് സാഹസികമായി ജീപ്പ് കയറ്റുന്നതും വിഡിയോയിലുണ്ട്. കുട്ടമ്പുഴയുള്ള വികെജെ ഇന്റര്‍നാഷണല്‍ എന്ന ഹോട്ടലുമായി ചേര്‍ന്നാണ് വീഡിയോ തയാറാക്കിയത്.

അനുമതിയില്ലാതെയാണ് സംഘം കാടിനുള്ളില്‍ പ്രവേശിച്ചത്. സംഘം അപ് ലോഡ് ചെയ്ത വീഡിയോ തെളിവായി സ്വീകരിച്ച വനംവകുപ്പ് നേര്യമംഗലം റേഞ്ചിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. സുജിത് ഭക്തന്‍, വി.കെ.ജെ ഇന്‍റര്‍നാഷണല്‍ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ഇതിന് പിന്നാലെ പൂയംകുട്ടി റേഞ്ചിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മലയാറ്റൂര്‍ ഡി.എഫ്.ഒ നിര്‍ദേശം നല്‍കി. ഇതോടെയാണ് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടെ വീഡിയോയിലുള്ള രണ്ട് ജീപ്പുകള്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കീഴടങ്ങിയ ജീപ്പ് ഡ്രൈവര്‍മാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുശേഷമാണ് സുജിത് ഭക്തന്റെ അനിയന്‍, അളിയന്‍, ഹോട്ടലുടമയുടെ മകന്‍, മറ്റൊരു വ്ലോഗര്‍ അരുണ്‍ എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളില്‍ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവര്‍ഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിനിടെ വാഹനങ്ങള്‍ പതിവായി പോകുന്ന സ്ഥലങ്ങളിലാണ് തങ്ങള്‍ പോയതെന്ന് സുജിത് ഭക്തന്‍ സമൂഹമാധ്യമങ്ങളില്‍ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com